കുന്നംകുളം: തോരാത്ത മഴയിലും ശക്തമായ കാറ്റിലും നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക നാശം. വൈശേരി, വലിയങ്ങാടി മേഖലയിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്ന് നിലം പൊത്തി. ആരാധനാലയത്തിന്റെ ഓടുകളും തകർന്നു. കുന്നംകുളം അരിമാർക്കറ്റിലെ മേൽക്കൂര തകർന്ന് വീണു.
ശനിയാഴ്ച പുലർച്ച രണ്ടോടെയുണ്ടായ കാറ്റിലാണ് ഷീറ്റു മേഞ്ഞ മേൽക്കൂര നിലം പതിച്ചത്. രാത്രിയായതിനാൽ ദുരന്തം ഒഴിവായി. പതിവായി ഈ മേഖലയിൽ രാത്രി പത്തു വരെയും വലിയ തിരക്കുള്ളതാണ്. കൂടാതെ നഗരത്തിൽ പട്ടാമ്പി റോഡിലെ കൂറ്റൻ പരസ്യ ബോർഡ് കാറ്റിൽ മറിഞ്ഞു. പാതയിലേക്ക് മറിയാത്തിരുന്നതിനാൽ അപകടം ഒഴിവായി.
മൂന്ന് നില കെട്ടിടത്തിന് മുകളിലെ വലിയ പരസ്യ ബോർഡാണ് സമീപത്തെ കെട്ടിടത്തിലേക്ക് വീണത്. 70 അടി നീളവും 35 വീതിയിലും ഉള്ളതായിരുന്നു ബോർഡ്. നഗരമധ്യത്തിൽ ഇത്തരത്തിൽ കൂറ്റൻ പരസ്യ ബോർഡ് വെക്കുന്നത് നിരോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വൈശേരി, വലിയങ്ങാടി മേഖലയിൽ വ്യാപക നാശം വിതച്ചു. വീടുകളുടെയും പള്ളിയുടെയും മേൽക്കൂര തകർന്നു വീണു. വലിയങ്ങാടി സെൻറ് ലാസറസ് പഴയപള്ളിയുടെ മേൽക്കൂരയിലെ ഓടുകൾ കാറ്റിൽ നിലം പൊത്തി. വൈശേരി കൊള്ളന്നൂർ മേരി വീടിന്റെ മേൽക്കുര പൂർണമായും പറന്നു പോയി. ചിറളയം മണ്ടുമ്പാൽ ഷേർളി ജോയിയുടെ വീടിന്റെ മേൽക്കൂരയും തകർന്നു. ചിറളയം എച്ച്.സി.സി.ജി.യു.പി സ്കൂൾ കെട്ടിടത്തിന്റെ ഓടുകളും തകർന്നു.
വൈശേരി, പോർക്കുളം, മങ്ങാട്, പഴഞ്ഞി, കല്ലുംപുറം, ആനായ്ക്കൽ, കാണിയാമ്പാൽ തുടങ്ങി 33 ഇടങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി കാലുകൾ തകർന്നു. പഴഞ്ഞിയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച പുലർച്ചെ നിലച്ച വൈദ്യുതി ബന്ധം രാത്രി എട്ടു വരെയും പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.