മാരേക്കാട് കടവ്
മാള: നിത്യവും നൂറുകണക്കിന് പേർ സന്ദർശനത്തിനെത്തുന്ന മാരേക്കാട് കടവ് വികസനം യാഥാർഥ്യമായില്ല. കടവ് കേന്ദ്രീകരിച്ച് വിനോദ സഞ്ചാര വികസന സാധ്യതകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ല. ഇവിടേക്ക് അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം.
റോഡിന്റെ ഇരുവശവും ചാലുകളാണ്. കരിങ്ങോൾചിറ- കോട്ടപ്പുറം ചാലിന് കുറുകെ പാലം വന്നതോടെയാണ് ഇരുകരകളെയും ബന്ധിപ്പിക്കാനായത്. ഇതോടെയാണ് സായാഹ്നങ്ങളിൽ ജനം ഇവിടെ എത്താൻ തുടങ്ങിയത്.
ചാലിന്റെ ഇരു കരകളിലും നോക്കെത്താദൂരം പരന്ന് കിടക്കുന്ന പാടശേഖരങ്ങളും വർഷം മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളിൽ നീന്തിത്തുടിക്കുന്ന നീർപക്ഷികളും മനോഹരകാഴ്ചയാണ്. ചെറുവഞ്ചികളിൽ ചാലിലൂടെ യാത്ര ചെയ്യുന്നവരുമുണ്ട്. നീർപക്ഷികളുടെ പറുദീസയാണ് മാരേക്കാട്. പാടശേഖരങ്ങൾക്ക് നടുവിലൂടെ കരിങ്ങോൾചിറ വരെ നീളുന്ന ചാലിലൂടെയുള്ള യാത്ര ഹൃദ്യമായ അനുഭവമാണ്.
താമരക്കോഴി, കരിന്തലയൻ ഐബീസ് ഇനത്തിൽ പെട്ട കൊക്കുകൾ, വെള്ളരി കൊക്കുകൾ, താറാവ് എരണ്ടകൾ, കല്ലൻ എരണ്ടകൾ, നീർക്കാക്ക, കുളക്കോഴികൾ തുടങ്ങിയ നീർപക്ഷികളെ ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന വർണ്ണക്കൊക്ക്, ചേരക്കോഴി, ചട്ടുകകൊക്ക്, പുളിച്ചുണ്ടൻ കൊതുമ്പന്നം, ആളകൾ, പച്ചഇരണ്ട എന്നീ പക്ഷികളും ഇവിടെ വിരുന്നിനെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ദേശാടന പക്ഷികളും ഇവിടെ എത്തുന്നുണ്ട്.
ജലയാത്രക്ക് അവസരമൊരുക്കാനായി വിനോദ സഞ്ചാര വികസന പദ്ധതിയിൽ മാരേക്കാട് ചാലിനെ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിനുനേരെ അധികൃതർ മൗനത്തിലാണ്. ഓരം ചേർന്നുള്ള നടപ്പാത നിർമിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
ചരിത്രം തുടിച്ച് നിൽക്കുന്ന മാരേക്കാട് കടവിന്റെ ഓർമ നിലനിർത്താനായി കടവോരത്ത് ഒരു പൈതൃക പാർക്കും വിശ്രമകേന്ദ്രവും ഓപൺ സ്റ്റേജും ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. മാരേക്കാട് കടവ് വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മുസിരിസ് പൈതൃക പദ്ധതിയിലോ ടൂറിസം വികസന പദ്ധതിയിലോ ഉൾപ്പെടുത്തുകയാണെങ്കിൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായിതിനെ വികസിപ്പിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.