മോനൊടിയില്‍ കനാല്‍ബണ്ടില്‍ മണ്ണിടിഞ്ഞ് രൂപപ്പെട്ട ഗര്‍ത്തം
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന്റെ ഭാഗമായുള്ള അണ്ടര്‍ ടണലിനു സമീപം കനാൽ ബണ്ട് ഇടിഞ്ഞ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അപകട ഭീഷണിയായി. പത്തം വാര്‍ഡിലുള്ള മോനൊടി പ്രദേശത്താണ് കനാല്‍ബണ്ടില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്.
ചാലക്കുടി ഇറിഗേഷന്‍ പദ്ധതിക്കുകീഴിലെ വലതുകര മെയിന്‍ കനാലില്‍നിന്ന് പുറപ്പെടുന്നതാണ് മറ്റത്തൂര്‍ ബ്രാഞ്ച് കനാല്‍. കോടശ്ശേരി പഞ്ചായത്തിലെ മാരാംകോട്ടുനിന്ന് ആരംഭിച്ച് മറ്റത്തൂര്‍-പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള ചോങ്കുളത്തില് അവസാനിക്കുന്ന മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലിന് 19 കിലോമീറ്ററോളം നീളമുണ്ട്.
1956ലാണ് കനാല്‍ നിര്‍മിക്കപ്പെട്ടത്. കോടശ്ശേരി മലയുടെ താഴ്വാരത്തുകൂടി ഒഴുകുന്ന കനാലിലേക്ക് മഴക്കാലത്ത് മലയില്‍നിന്ന് കുത്തിയൊലിച്ചെത്തുന്ന മണ്ണും ചളിയും പതിക്കാതിരിക്കാന്‍ പല ഭാഗങ്ങളിലായി അണ്ടര്‍ ടണലുകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയില്‍നിന്നുള്ള വെള്ളം കനാലിന്റെ അടിയിലൂടെ ഒഴുകി വെള്ളിക്കുളം വലിയതോട്ടില്‍ ചെന്നുചേരുന്ന വിധത്തിലാണ് ടണലുകള്‍ നിര്‍മിച്ചിട്ടുള്ളത്.
ഇത്തരത്തില്‍ മോനൊടിയില്‍ നിര്‍മിച്ചിട്ടുള്ള ടണലിനു സമീപത്താണ് കനാലിന്റെ ഇരുബണ്ടുകളിലുമായി മണ്ണിടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. കനാലില്‍ പൂര്‍ണതോതില്‍ വെള്ളം തുറന്നുവിടുമ്പോള്‍ ബണ്ടില്‍ രൂപപ്പെട്ടിട്ടുള്ള വിള്ളലുകള്‍ വഴി വെള്ളം ചോര്‍ന്നൊഴുകി അണ്ടര്‍ ടണലിലെത്തുകയാണ്. ഇതുമൂലം മഴക്കാലത്ത് മാത്രം വെള്ളം ഒഴുകേണ്ട അണ്ടര്‍ ടണലിലൂടെ കൊടിയ വേനലിലും കനാല്‍ വെള്ളം ഒഴുകി നഷ്ടപ്പെടുകയാണ്.
കനാല്‍ വെള്ളം നഷ്ടമാകുന്നതിലുപരി മണ്ണിടിഞ്ഞ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് ബണ്ട് റോഡിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാക്കുന്നു. ഭാരവാഹനങ്ങള്‍ ഇതുവഴി വന്നാല്‍ ബണ്ടിടിഞ്ഞ് കനാലിലേക്ക് മറിയാന്‍ സാധ്യതയുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
അപകട സൂചന നല്‍കാനായി ബണ്ടിടിഞ്ഞ ഭാഗത്ത് ചുവന്ന തുണി നാട്ടിയിരിക്കുകയാണ് നാട്ടുകാര്‍ . അപകടം സംഭവിക്കുന്നതിനു മുമ്പ് കനാല്‍ ബണ്ടിന്റെ ദുര്‍ബലാവസ്ഥയും വെള്ളം ചോര്ന്നൊഴുകുന്നതും പരിഹരിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.