തൃശൂർ: പീച്ചി ഫോറസ്റ്റ് സ്റ്റേഷനിൽ വനിതകളുൾപ്പെടെ ആറുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പരിശോധന നടത്തിയ ഒമ്പതു പേരിലാണ് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പീച്ചി വനം ഡിവിഷൻ പുനഃസംഘടിപ്പിക്കുന്നതിെൻറ ഭാഗമായി പ്രവർത്തനം നിർത്തലാക്കി അവിടെയുള്ള ജീവനക്കാരെ എത്തിച്ചതാണ് പീച്ചി സ്റ്റേഷൻ. നാലു പേർക്ക് മാത്രം കഴിയാവുന്ന ഷീറ്റ് മേഞ്ഞ രണ്ട് മുറികൾ മാത്രമുള്ള സ്റ്റേഷനിൽ ഇപ്പോഴുള്ളത് 21 പേരാണ്.
കൈയകലത്തിൽ ഇരിക്കാനുള്ള സൗകര്യമടക്കം ഇല്ലാതെയാണ് ജീവനക്കാരെ കൂട്ടത്തോടെ പീച്ചിയിലേക്ക് മാറ്റിയത്. ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മറ്റുള്ളവരും ഭീതിയിലാണ്. പൂങ്ങോട്, അകമല, പൊങ്ങണംകാട്, വാണിയംപാറ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തലാക്കിയാണ് ഇവിടെയുള്ള ജീവനക്കാരെ പീച്ചിയിലേക്ക് മാറ്റിയത്. 10 സ്റ്റേഷനുകളുണ്ടായിരുന്നത് ആറാക്കി ചുരുക്കി പീച്ചിയെ വിപുലീകരിക്കുന്നതായിരുന്നു ഉദ്ദേശ്യം. എന്നാൽ, ജീവനക്കാർക്ക് പാകത്തിന് സ്റ്റേഷൻ ക്രമീകരണമൊരുക്കാതെയായിരുന്നു തിരക്കിട്ട നടപടികൾ.
വനിത ജീവനക്കാരടക്കമുള്ള ഇവിടെ ഇവർക്ക് വസ്ത്രം മാറുന്നതിനടക്കമുള്ള സൗകര്യമില്ലാത്തത് പരാതിക്കിടയാക്കിയിരുന്നു. ഉടൻതന്നെ ഇത് പരിഹരിക്കുമെന്നായിരുന്നു അന്ന് പറഞ്ഞതെങ്കിലും മാസങ്ങൾ പിന്നിട്ടെങ്കിലും നടന്നിട്ടില്ല. ഇപ്പോൾ കൂട്ടത്തിലുള്ളവരിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ജീവനക്കാർ ഭീതിയിലാണ്. വീട്ടിൽ പ്രായമായവരും കുഞ്ഞുങ്ങളുമടക്കമുള്ളവരുണ്ട്. ഇവിടെ താമസിക്കാൻ സൗകര്യവുമൊരുക്കിയിട്ടില്ല.
കോവിഡ് സ്ഥിരീകരിച്ചവരിലെ നാല് പുരുഷന്മാർ സ്റ്റേഷനിലെ ഒരു മുറി തന്നെ ക്വാറൻറീനിനായി ഉപയോഗിക്കുകയാണ്. വനിത ജീവനക്കാർ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കനിവ് തേടിയിരിക്കുകയാണ്. വനമഹോത്സവത്തിെൻറ ഭാഗമായി മന്ത്രി തൃശൂരിലെത്തിയപ്പോൾ നിർത്തലാക്കിയ സ്റ്റേഷനുകൾ പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതിെൻറ നടപടികളിലേക്കും കടന്നിട്ടില്ല. അതേസമയം, നിർത്തലാക്കിയതിൽ രണ്ടെണ്ണം മാത്രം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.