തൃശൂർ കോർപറേഷൻ സ്റ്റേഡിയം
തൃശൂർ: കോർപറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബാൾ ടർഫ് നിർമാണ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള വിവാദങ്ങളിൽ കോർപറേഷന് തിരിച്ചടി. സ്റ്റേഡിയത്തിലെ ടർഫ് നവീകരണം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് കായിക വകുപ്പുമായി കൂടിയാലോചിച്ച് അനുമതി വാങ്ങണമെന്ന് ജില്ല കലക്ടർ ഉത്തരവിട്ടു.
അത്ലറ്റിക് അസോസിയേഷനുകളുടെ പരാതിയെ തുടർന്നാണ് ബുധനാഴ്ച കോർപറേഷൻ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് കലക്ടർ നിർദേശം നൽകിയത്. ഇതോടെ സ്വകാര്യ ഫുട്ബാൾ ക്ലബിന് സ്റ്റേഡിയം നവീകരിക്കാൻ അനുമതി നൽകിയ കോർപറേഷൻ നീക്കം പ്രതിസന്ധിയിലായി.
കേരള സൂപ്പർ ലീഗ് ടീമായ സ്വകാര്യ ഫുട്ബാൾ ക്ലബിന് ഹോം ഗ്രൗണ്ടായി സ്റ്റേഡിയം ഉപയോഗിക്കുന്നതിനാണ് ടർഫ് നവീകരണ പ്രവൃത്തികൾ കഴിഞ്ഞയാഴ്ച തുടങ്ങിയത്. കോർപറേഷന്റെ ഔദ്യോഗിക വർക്ക് ഓർഡർ പോലും ലഭിക്കുന്നതിന് മുമ്പാണ് നിർമാണം ആരംഭിച്ചതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
ഫുട്ബാൾ ടർഫ് 105 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും വികസിപ്പിക്കാനുള്ള നീക്കം, ഖേലോ ഇന്ത്യ പദ്ധതി പ്രകാരം സ്റ്റേഡിയത്തിൽ അനുവദിച്ച 400 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ സാധ്യത പൂർണമായി ഇല്ലാതാക്കുമെന്നാണ് പരാതി. 2015ലെ ദേശീയ ഗെയിംസിനായി സ്റ്റേഡിയത്തിലെ എട്ട് ലൈൻ ട്രാക്ക് കൈയേറി ആറ് വരിയാക്കി ചുരുക്കുകയും ലോങ് ജംപ്, ത്രോയിങ് സെക്ടറുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ അടിസ്ഥാന സൗകര്യങ്ങളില്ലാതായതോടെ സായ് അത്ലറ്റിക് സെന്ററിന്റെ പ്രവർത്തനം നിർത്തേണ്ടി വന്നതായും അത്ലറ്റിക് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഫുട്ബാൾ ടർഫ് വികസിപ്പിച്ചാൽ സിന്തറ്റിക് ട്രാക്കിന് സ്ഥലമില്ലാതാവുകയും ഈ പദ്ധതി പൂർണമായി ഉപേക്ഷിക്കേണ്ടി വരികയും ചെയ്യും.
കോർപറേഷൻ സ്റ്റേഡിയത്തിൽ എട്ട് വരി സിന്തറ്റിക് നിർമാണം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് അത്ലറ്റ്സ് വെൽഫെയർ അസോസിയേഷനും മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷനും സംയുക്തമായി തൃശൂർ കോർപറേഷനിലേക്ക് ചൊവ്വാഴ്ച പ്രതിഷേധം നടത്തിയിരുന്നു.
കോർപറേഷനും ജില്ല കായിക വകുപ്പും തമ്മിൽ സ്റ്റേഡിയം സംബന്ധിച്ച് നിലവിലുള്ള ധാരണപത്രമാണ് കലക്ടറുടെ ഉത്തരവിന് അടിസ്ഥാനം. ഈ ധാരണപത്രം നിലനിൽക്കെ, അത്ലറ്റിക് അസോസിയേഷനുകളുമായി ആലോചിക്കാതെയാണ് കോർപറേഷൻ സ്വകാര്യ ക്ലബുമായി കരാറുണ്ടാക്കിയത്.
കലക്ടറുടെ ഉത്തരവോടെ, സ്റ്റേഡിയത്തിൽ എന്ത് നിർമാണം നടത്താനും ഇനി കായിക വകുപ്പിന്റെയും കായിക സംഘടനകളുടെയും അഭിപ്രായം നിർണായകമാകും. നടപടിക്രമങ്ങൾ പാലിക്കാതെ, വാക്കാലുള്ള അനുമതി സ്വകാര്യ ഫുട്ബാൾ ക്ലബിന് നൽകിയാണ് കോർപറേഷൻ ടർഫ് നവീകരണത്തിന് വഴിയൊരുക്കിയതെന്ന് ജില്ല അത്ലറ്റിക് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
‘ഞങ്ങൾ ഫുട്ബാൾ അസോസിയേഷനോ, കോർപറേഷനോ എതിരല്ല. തൃശൂരിന്റെ ഹൃദയഭാഗത്തുള്ള ഈ സ്റ്റേഡിയം എല്ലാ കായിക ഇനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിക്കണം’ജില്ല അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ പറഞ്ഞു.
പ്രതിഷേധ സൂചകമായി വാർത്തസമ്മേളനങ്ങൾ നടത്തിയതിന് പിന്നാലെ കോർപറേഷൻ ചർച്ചക്ക് വിളിച്ചിരുന്നു. ഈ മാസം 20ന് മത്സരം നടക്കേണ്ടതിനാലാണ് വാക്കാൽ അനുമതി നൽകിയതെന്നാണ് കോർപറേഷൻ നൽകിയ വിശദീകരണം. എന്നാൽ, സർക്കാർ സംവിധാനങ്ങളെ മറികടന്ന് വാക്കാലുള്ള അനുമതി നൽകുന്നത് ശരിയായ നടപടിയല്ലെന്നു അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ട്രാക്കില്ലാത്തതിനാൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് പരിശീലനത്തിനായി കുന്നംകുളത്തെ സ്റ്റേഡിയത്തെ ആശ്രയിക്കണം. ഇതിന് നല്ലൊരു തുക ചെലവ് വരുന്നുണ്ടെന്നും ഡോ. ഹരിദയാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.