തൃശൂർ എം.ഒ റോഡിലെ കോർപറേഷൻ കെട്ടിടത്തിന് മുകളിലെ മേൽക്കൂര ശക്തമായ മഴയിലും കാറ്റിലും തകർന്ന് സമീപത്തെ റോഡിൽ വീണപ്പോൾ. മേൽക്കൂര സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിനു മുകളിൽനിന്നെടുത്ത ദൃശ്യം
തൃശൂർ: ശക്തമായ കാറ്റിലും മഴയിലും കോർപറേഷൻ ഓഫിസിനോട് ചേർന്നുള്ള അഞ്ചുനില കെട്ടിടത്തിന്റെ 1000 ചതുരശ്രയടിയിലേറെ വലുപ്പമുള്ള കൂറ്റൻ ഇരുമ്പ് മേൽക്കൂര എം.ഒ റോഡിലേക്ക് തകർന്നു വീണു. ആളപായമില്ല. അപകടസമയത്ത് വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. വെള്ളിയാഴ്ച വൈകീട്ട് 4.45 ഓടെയായിരുന്നു കോർപറേഷൻ ഓഫിസിന് സമീപത്തെ അഞ്ചുനില കെട്ടിടത്തിന് മുകളിൽനിന്ന് മേൽക്കൂര നിലംപതിച്ചത്. അപകടം നടന്നയുടൻ സംഭവസ്ഥലത്തെത്തിയ അഗ്നിരക്ഷാസേന, ഷീറ്റ് മുറിച്ചുമാറ്റി. മേൽക്കൂര വീണതോടെ ഗതാഗതം പൂർണമായി സ്തംഭിച്ചു.
പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. കോർപറേഷൻ ഭരണനേതൃത്വത്തിന്റെയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥതയും അനാസ്ഥയുമാണ് അപകടത്തിന് പിന്നിലെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആരോപിച്ചു. ഏപ്രിൽ 23നുണ്ടായ കാറ്റിലും മഴയിലും മേൽക്കൂര ഇളകി അപകടാവസ്ഥയിലാണെന്ന് ഫോട്ടോ സഹിതം നാട്ടുകാരും വ്യാപാരികളും പരാതി നൽകിയിട്ടും ഒരു മാസം പിന്നിട്ട് മേൽക്കൂര നിലംപൊത്തുംവരെ അധികൃതർ തിരിഞ്ഞുനോക്കിയില്ല.
ഈ കെട്ടിടത്തിലാണ് കോർപറേഷന്റെ ആരോഗ്യ വിഭാഗം ഓഫിസ് പ്രവർത്തിക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മേൽക്കൂര പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ദുർബലമായി കെട്ടിവെച്ചിരുന്നതായി നാട്ടുകാർ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. ഒരു മാസത്തിലേറെയായി മേൽക്കൂര അപകടാവസ്ഥയിലാണെന്ന് നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ലെന്നും കോർപ്പറേഷന്റെ അനാസ്ഥയാണ് ദുരന്തം ക്ഷണിച്ചുവരുത്തിയതെന്നും നാട്ടുകാരും വ്യാപാരികളും ഒരുപോലെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.