ചിറങ്ങര റെയിൽവേ മേൽപാലം നിർമാണം പ്രധാന ഘട്ടം പിന്നിട്ടു

കൊരട്ടി: കൊരട്ടി മേഖലയിലെ ഗതാഗതക്കുരുക്കുകൾക്ക് പരിഹാരമാകുന്ന ചിറങ്ങര റെയിൽവേ മേൽപാല നിർമാണത്തിന്‍റെ പ്രധാന ഘട്ടം പിന്നിട്ടു. റെയിൽപാതയുടെ ഇരുവശത്തെയും തൂണുകളുടെ നിർമാണം പൂർത്തിയായി. ഇരുവശത്തും അപ്രോച്ച് റോഡുകളുടെ ഭിത്തി നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പാലത്തിന്‍റെ ഉപരിതലത്തെ കോൺക്രീറ്റ് ഭാഗങ്ങൾ നിർമിച്ച് കൊണ്ടുവന്ന് സ്ഥാപിക്കൽ വൈകാതെ നടക്കും.

സ്റ്റീൽ കോൺക്രീറ്റ് കോമ്പോസിറ്റ് സ്ട്രക്ചറായാണ് ചിറങ്ങര റെയിൽവേ പാലത്തിന്‍റെ നിർമാണം. പാലത്തിൽ രണ്ട് ലൈൻ നടപ്പാതകൾ ഉണ്ടായിരിക്കും. പൈൽ, പൈൽ ക്യാപ് എന്നിവ കോൺക്രീറ്റിലും പിയർ, പിയർ ക്യാപ്, ഗർഡർ എന്നിവ സ്റ്റീലിലും ഡെക്ക് സ്ലാബ് കോൺക്രീറ്റിലുമാണ് നിർമിക്കുന്നത്. ഇത്തരത്തിൽ ആദ്യമായി നിർമിക്കുന്ന മേൽപാലമാണിതെന്ന സവിശേഷതയുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപറേഷനാണ് നിർമാണ ചുമതല. 22.61 കോടി രൂപയാണ് നിർമാണച്ചെലവ്. 2021 ജനുവരിയിലാണ് നിർമാണോദ്ഘാടനം നടന്നത്. ഒരുവർഷം കൊണ്ട് പൂർത്തിയാക്കുമെന്നാണ് കരാർ.

ആറുമാസം വൈകിയെങ്കിലും അധികം താമസിയാതെ പ്രവൃത്തി പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതോടൊപ്പം മറ്റ് ഒമ്പത് മേൽപാലങ്ങളും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിർമാണത്തിലുണ്ട്. ഇത് പൂർത്തിയാകുന്നതോടെ ചാലക്കുടി മേഖലയിലെ നാലാമത്തെ റെയിൽവേ മേൽപാലമാകുമിത്. ചാലക്കുടി, മുരിങ്ങൂർ, കൊരട്ടി എന്നിവിടങ്ങളിലാണ് ഇപ്പോൾ മേൽപാലങ്ങളുള്ളത്.

തിരക്കേറി വരുന്ന ജങ്ഷനായ ചിറങ്ങരയിൽ അപകടങ്ങൾ ഒഴിവാക്കാൻ മേൽപാലം നിർമിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നതാണ്. ചിറങ്ങര കവലയിൽനിന്ന് വെസ്റ്റ് കൊരട്ടി, അന്നമനട, കാടുകുറ്റി മേഖലയിലേക്കും തിരിച്ചും പോകുന്ന യാത്രക്കാരുടെ വാഹനങ്ങളുടെ നീണ്ട നിര ട്രെയിനുകൾ കടന്നുപോകാൻ കാത്തുകിടക്കുന്നത് കാലങ്ങളായി യാത്രാദുരിതം തീർത്തിരുന്നു.

Tags:    
News Summary - construction of Chirangara railway overbridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.