സ്കൂബ ഡൈവിങ് അണ്ടർവാട്ടർ കമ്യൂണിക്കേഷൻ ഡിവൈസിന്റെ പ്രവർത്തനം സ്കൂബ ടീം അംഗങ്ങൾക്ക് വിശദീകരിക്കുന്നു
തൃശൂർ: വെള്ളത്തിനടിയിലെ രക്ഷപ്രവർത്തനങ്ങൾക്ക് കരയിൽനിന്ന് മാർഗനിർദേശം നൽകാൻ കഴിയുന്ന സ്ക്യൂബ ഡൈവിങ് അണ്ടർവാട്ടർ കമ്യൂണിക്കേഷൻ ഡിവൈസിന്റെ സേവനം തൃശൂർ അഗ്നിരക്ഷസേനക്കും ലഭ്യമായി. തൃശൂർ ജില്ല സ്കൂബ ടീം, ജില്ല അഗ്നിരക്ഷ ഓഫിസർ എം.എസ്. സുവി, സ്റ്റേഷൻ ഓഫിസർ വിജയ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തന പരിശീലനം നൽകുന്നത്.
വെള്ളത്തിനടിയിൽ അകപ്പെടുന്നവരെയും വെള്ളത്തിനടിയിലെ സാധനങ്ങളും പുറത്തെടുക്കാനും രക്ഷപ്രവർത്തനം നടത്താനും മറ്റുമായി ഉപയോഗിക്കുന്ന ഡിവൈസാണിത്. 600 അടിയോളം താഴ്ചയിൽ വരെ രക്ഷപ്രവർത്തനം നടത്താൻ ഉപകരണം വഴി കഴിയും. നിലവിൽ ജില്ലയിൽ 200 മീറ്റർ, 50 മീറ്റർ എന്നിങ്ങനെ രണ്ടുതരം ഡിവൈസ് മാത്രമാണ് ആദ്യഘട്ടത്തിൽ എത്തിയത്.
ഫോർട്ട് കൊച്ചിയിലെ ഐ.എ.ടി.ഡബ്ല്യു.ആറിൽനിന്ന് പരിശീലനം ലഭിച്ച സ്കൂബ ഡൈവേഴ്സ് ജില്ലയിലെ മറ്റു ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും ഇതിന്റെ പരിശീലനം നൽകും. തൃശൂരിൽ അഗ്നിശമനസേന മോക്ഡ്രിൽ നടത്തി. പൂങ്കുന്നം പുഷ്പഗിരിയിലെ സീതാരാമസ്വാമി ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ നടന്ന മോക്ഡ്രില്ലിന് കുന്നംകുളം സ്റ്റേഷൻ ഓഫിസർ ബി. വൈശാഖ് നേതൃത്വം നൽകി.
ജില്ല സ്കൂബ ടീം ഇൻ ചാർജ് സ്റ്റേഷൻ ഓഫിസർ വൈശാഖിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. തൃശൂർ നിലയത്തിലെ സ്കൂബ ഡൈവർമാരായ പി.കെ. പ്രജീഷ്, വി.വി. ജിമോദ്, ബി. ദിനേഷ്, നവനീത് കണ്ണൻ, ജിബിൻ, കുന്നംകുളം നിലയത്തിൽനിന്ന് സുരേഷ് കുമാർ, ഹരിക്കുട്ടൻ, കൊടുങ്ങല്ലൂർ നിലയത്തിൽനിന്ന് റെനീഷ്, അനീഷ് എന്നിവർ പരിശീലനത്തിനുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.