തൃശൂരിൽ നടന്ന അദാലത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പരാതി കേൾക്കുന്നു

ഡി.ജി.പിയുടെ അദാലത്തിൽ പൊലീസുകാർക്കെതിരെ പരാതിപ്രളയം

തൃശൂർ: സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് തൃശൂരിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ പൊലീസുകാർക്കെതിരെ പരാതിപ്രളയം. കേസന്വേഷണത്തിലെ പിഴവുകളും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും സംബന്ധിച്ച്​ പരാതികൾ ലഭിച്ചു.

49 പരാതികള്‍ പരിഗണിച്ചതിൽ 16 എണ്ണം തുടര്‍നടപടികള്‍ക്കായി കമീഷണര്‍ക്ക് കൈമാറി. ഏഴെണ്ണത്തില്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നേരിട്ട് നടപടി സ്വീകരിക്കും. ബാക്കിയുള്ളവ അന്വേഷണത്തിനായി അസി. കമീഷണര്‍മാര്‍ക്കും സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നല്‍കി.

കേസന്വേഷണങ്ങളിലെ അപാകത, വിവിധ നിക്ഷേപ പദ്ധതികളില്‍ പണം നഷ്​ടപ്പെട്ടവര്‍, പൊലീസ്​ ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്ഷേപങ്ങള്‍, തൃശൂര്‍ നഗരത്തിലെ പുതിയ ട്രാഫിക് പരിഷ്കാരം, ബ്ലേഡ് മാഫിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ പരാതിയില്‍പെടുന്നു. എല്ലാവരെയും നേരിട്ടുകണ്ട് പരാതി കേട്ടതിനുശേഷമാണ് വിശദ അന്വേഷണത്തിനും നടപടി സ്വീകരിക്കുന്നതിനും ഡി.ജി.പി ഉത്തരവിട്ടത്.

തൃശൂർ മേഖല ഡി.ഐ.ജി എ. അക്ബർ, കമീഷണർ ആർ. ആദിത്യ, അസി. കമീഷണർമാരായ എം.കെ. ഗോപാലകൃഷ്ണൻ, വി.കെ. രാജു, ടി.എസ്. സിനോജ്, ടി.ആർ. രാജേഷ്, കെ.സി. സേതു, കെ.ജി. സുരേഷ് എന്നിവരും തൃശൂർ സിറ്റി പൊലീസിലെ സ്​റ്റേഷൻ ഹൗസ് ഓഫിസർമാരും പങ്കെടുത്തു.

ബ്ലേഡ് മാഫിയക്കെതിരെ നടപടി വേണം, സ്ത്രീകളുടെ പരാതികളിൽ നടപടി വൈകരുത് –പൊലീസുകാരോട്​ ഡി.ജി.പി

തൃശൂർ: അനധികൃതമായി പണം വായ്പ നൽകുന്നവർ, വലിയ നിരക്കിൽ പലിശ ഈടാക്കുന്ന സംഘങ്ങൾ തുടങ്ങിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസുകാർക്ക് ഡി.ജി.പി അനിൽകാന്തി​െൻറ നിർദേശം. അത്തരം സ്ഥലങ്ങളിൽ പരിശോധന ഊർജിതമാക്കാൻ സേനക്ക് നിർദേശം നൽകിയ ഡി.ജി.പി കഷ്​ടപ്പെട്ട് സമ്പാദിക്കുന്ന പണം വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളിൽ നിക്ഷേപിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ജനങ്ങളോടായി പറഞ്ഞു. തൃശൂരിൽ പരാതി പരിഹാര അദാലത്തിൽ പങ്കെടുക്കുകയായിരുന്നു ഡി.ജി.പി. സ്ത്രീകളിൽനിന്ന്​ ലഭിക്കുന്ന പരാതികളിൽ ഏറ്റവും വേഗത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. പൊതുജനങ്ങളോടുള്ള പൊലീസുദ്യോഗസ്ഥരുടെ പെരുമാറ്റത്തിൽ എപ്പോഴും മാന്യത പുലർത്തണം. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ കർശന നിയമനടപടി സ്വീകരിക്കണം. പോക്സോ കേസുകളിൽ സമയബന്ധിതമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കണം. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടുള്ളതല്ലെന്നും ഡി.ജി.പി നിർദേശം നൽകി.


Tags:    
News Summary - Complaints against policemen in DGP's adalath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.