തൃശൂര്‍: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ വർധിച്ചത് സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. സിലിണ്ടർ വിലവർധനവിന് പിന്നാലെ ഹോട്ടലുകളിലും തട്ടുകടകളിലും ഭക്ഷണസാധനങ്ങൾക്ക് ക്രമാതീതമായി വില ഉയർന്നതോടെ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്. സിലിണ്ടറുകളുടെ വില വർധനവിനൊപ്പം ഹോട്ടൽ നടത്തിപ്പിലെ മറ്റു പ്രതിസന്ധികൾ കൂടി ഉയർന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെ പല സ്ഥാപനങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ഭാര്യാഭർത്താക്കന്മാർ ജോലിക്ക് പോകുന്ന കുടുംബങ്ങളെയാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. വൈകുന്നേരം സ്കൂൾ വിട്ടുവരുന്ന കുട്ടികൾ ഉൾപ്പെടെ ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാഹചര്യമുള്ളതിനാൽ വിലവർധന കുടുംബ ബജറ്റിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. വാണിജ്യ സിലിണ്ടറിന് അമിതവില ഈടാക്കുന്നത് പകൽക്കൊള്ളയാണെന്നാണ് ജനങ്ങളുടെ പ്രതികരണം. എന്നാൽ, പ്രതിഷേധങ്ങൾക്കപ്പുറം ഗത്യന്തരമില്ലാതെ അധിക തുക നൽകി ഭക്ഷണം വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാവുകയാണ്.
ചായക്കും ചെറുകടികൾക്കും ഉൾപ്പെടെ ഗണ്യമായ വിലവർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ഒരാൾക്ക് എട്ട് മുതൽ 50 രൂപ വരെയാണ് നിലവിൽ അധികച്ചെലവ് വരുന്നത്. തട്ടുകടകളിൽ 10 രൂപയുണ്ടായിരുന്ന ചായക്കും കടിക്കും ഇപ്പോൾ 12 രൂപ നൽകണം. 12 രൂപയുണ്ടായിരുന്ന കാപ്പിക്ക് 15 രൂപയായി വർധിച്ചു. ഇരുന്ന് കഴിക്കാൻ സൗകര്യമുള്ള ഇടത്തരം ഹോട്ടലുകളിൽ 12 രൂപയുടെ ചായക്കും എണ്ണക്കടിക്കും ഇപ്പോൾ 15 രൂപയാണ് ഈടാക്കുന്നത്. 15 മുതൽ 20 രൂപ വരെ വിലയുണ്ടായിരുന്ന ചായക്ക് ഇപ്പോൾ 25 രൂപ നൽകണം. 15 രൂപക്ക് ലഭിച്ചിരുന്ന പൊറോട്ട, ചപ്പാത്തി എന്നിവക്ക് 20 മുതൽ 25 രൂപ വരെയായി വർധിച്ചു. കറികൾക്ക് 10 മുതൽ 25 രൂപ വരെയാണ് ഒറ്റയടിക്ക് വർധിച്ചത്.
പാചകവാതക വിലയ്ക്ക് പുറമെ തൊഴിലാളികളുടെ ക്ഷാമവും ഉയർന്ന കൂലിയും ഹോട്ടൽ വ്യവസായത്തെ തളർത്തുന്നുണ്ട്. മികച്ച പാചകക്കാർക്കും ടീ മേക്കർമാർക്കും വലിയ ഡിമാൻഡും ഉയർന്ന കൂലിയുമാണ്. മുന്നറിയിപ്പില്ലാതെ തൊഴിലാളികൾ ജോലിക്ക് വരാതിരിക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
ചെലവ് കുറക്കാൻ വിറകടുപ്പിലേക്ക് മാറുന്നത് പ്രായോഗികമല്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. വിറകടുപ്പിലെ ഉയർന്ന ചൂട് കാരണം തൊഴിലാളികൾ ജോലിക്ക് വരാൻ മടിക്കുന്നു. മാത്രമല്ല, ഇതിനായി ഇരട്ടി ജീവനക്കാരെ വേണ്ടിവരികയും വിഭവങ്ങളുടെ രുചിയിലുണ്ടാകുന്ന വ്യത്യാസം ഉപഭോക്താക്കളെ അകറ്റുകയും ചെയ്യും. അതിനാൽ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നാണ് ഉടമകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.