ചാലക്കുടി: മണ്ഡലത്തിൽ എല്ലാ വീട്ടിലും 2024ഓടെ ശുദ്ധജലം എത്തിക്കാൻ 'ജൽ ജീവൻ'പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും. ഇതിന് 216.36 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചു. കാടുകുറ്റി, പരിയാരം പഞ്ചായത്തുകളിലെ പ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയാക്കി നിർമാണം തുടങ്ങാൻ തയാറായിട്ടുണ്ട്. കാടുകുറ്റി (3379), കൊടകര (4549), കോടശ്ശേരി (8223), കൊരട്ടി (1748), മേലൂർ (3188), പരിയാരം (3062), അതിരപ്പിള്ളി (1011) എന്നിങ്ങനെ പുതുതായി 25,160 വീടുകളിലാണ് ശുദ്ധജലമെത്തുക.
അതിരപ്പിള്ളി പഞ്ചായത്തിലെ 12 ആദിവാസി കോളനികളിൽ 555 പുതിയ കണക്ഷനും വിഭാവനം ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ ജലശുദ്ധീകരണ പ്ലാന്റുകളാണ് നിർമിക്കുന്നത്. ഇതിൽ 12 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനശേഷിയുള്ള അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറയിലെയും ആറ് ദശലക്ഷം ശേഷിയുള്ള കൊരട്ടി പഞ്ചായത്തിലെ പാറക്കൂട്ടം പ്ലാന്റിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ചാലക്കുടി നഗരസഭ പരിധിയിൽ സ്ഥാപിക്കുന്ന 15 ദശലക്ഷം ലിറ്റർ ശേഷിയുള്ള പ്ലാന്റിന്റെ നിർമാണ നടപടി പുരോഗമിക്കുകയാണ്.
ജല അതോറിറ്റിക്കും കിഫ്ബി നാട്ടിക േപ്രാജക്ട് ഡിവിഷനുമാണ് പ്രവൃത്തികളുടെ നിർവഹണ ചുമതല. മിഷന്റെ പുരോഗതി വിലയിരുത്താൻ സനീഷ് കുമാർ ജോസഫ് എം.എൽ.എ യോഗം വിളിച്ചിരുന്നു. കൊരട്ടി, മേലൂർ പഞ്ചായത്തുകളിലെ പ്രവൃത്തിയുടെ ടെൻഡർ പൂർത്തിയായതായും മറ്റ് പഞ്ചായത്തുകളിൽ പുരോഗമിക്കുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.