പൂരത്തിന് ശേഷം തൃശൂർ തേക്കിൻകാട് മൈതാനം വൃത്തിയാക്കുന്ന കോർപറേഷൻ
ഹരിതകർമസേന ജീവനക്കാർ
തൃശൂർ: സാമ്പിൾ വെടിക്കെട്ടും ഓരോ വിളംബരവും 30 മണിക്കൂർ നീണ്ട പൂരാഘോഷവും നടന്ന നഗരമാണെന്ന് തോന്നുകയേയില്ല. പൂരം ഉപചാരം ചൊല്ലി പിരിഞ്ഞ് മണിക്കൂറുകൾക്കകം നഗരം ക്ലീൻ ആക്കി കോർപറേഷന്റെ ഹരിത കർമ സേന. ദിവസങ്ങളായി തൃശൂർ നഗരം പൂരം ഒരുക്കങ്ങളുടെ തിരക്കിലായിരുന്നു. ഇടുക നാടുകളിൽ നിന്ന് എത്തിയവരും വ്യാപാരികളും നഗരത്തിൽ ഉണ്ടായിരുന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന സാമ്പിൾ വെടിക്കെട്ട് കാണാൻ ഉച്ചക്ക് മുമ്പ് മുതൽ ആയിരങ്ങൾ നഗരത്തിലെത്തി. തിങ്കളാഴ്ച രാവിലെ പൂരം വിളംബരം ചെയ്ത് തെക്കേഗോപുര തുറക്കുന്നത് കാണാനും അത്രതന്നെ തിരക്ക്. ചൊവ്വാഴ്ച പുലർച്ചെ മുതൽ പൂരത്തിന്റെ തിരക്ക് തുടങ്ങി.
എണ്ണമറ്റ ജനം ബുധനാഴ്ച ഉച്ചകഴിഞ്ഞ് പൂരം പിരിയുന്നത് വരെ നഗരത്തിൽ ഉണ്ടായിരുന്നു. വഴിയോര വാണിഭവവുമായി എത്തിയ കച്ചവടക്കാർ ഉൾപ്പെടെ മറ്റൊരു കൂട്ടരും. ഇവരെല്ലാം വലിച്ചെറിഞ്ഞു പോയ മാലിന്യങ്ങൾ നഗരത്തിന് ഭാരമാകാതെ, ആലസ്യം വെടിഞ്ഞ് നീക്കം ചെയ്യുന്ന തിരക്കിലായിരുന്നു ഇന്നലെ വൈകിട്ട് മൂന്ന് മുതൽ ഹരിത കർമ സേനാംഗങ്ങൾ.
നഗരത്തിന്റെ മുക്കും മൂലയും അവർ വൃത്തിയാക്കി. അടിച്ചുകൂട്ടിയ മാലിന്യം ചാക്കുകളിൽ ആക്കി വെച്ചു.
കോർപറേഷന്റെ വാഹനങ്ങൾ വന്നു അവ കൊണ്ടുപോയി. കഴിഞ്ഞവർഷം മാലിന്യം നീക്കലിൽ വെല്ലുവിളി നേരിട്ടിരുന്നു. ഇടക്ക് പെയ്ത മഴയും സ്ഥിതി മോശമാക്കി. ഇത്തവണ അതിനൊന്നും അവസരം കൊടുക്കാതെ ക്ലീൻ സിറ്റി എന്ന ഖ്യാതി പൂരം വിരിഞ്ഞ ദിവസം തന്നെ നഗരം തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.