ദേശീയ പാത 66 എടക്കഴിയൂരിൽ പാലം നിർമാണത്തിനിടെ താഴെ സർവിസ് റോഡിലേക്ക് വീണ കോൺക്രീറ്റ് സ്ലാബ്
ചാവക്കാട്: ദേശീയപാത 66ൽ പാലം നിർമാണത്തിനിടെ കോൺക്രീറ്റ് സ്ലാബ് താഴെ സർവിസ് റോഡിലേക്ക് വീണു അപകടം. എടക്കഴിയൂർ കാജാ കമ്പനിയിൽ പടിഞ്ഞാറേ സർവിസ് റോഡിലേക്കാണ് സ്ലാബ് വീണത്. പതിനാറടി ഉയരത്തിൽനിന്ന് താഴേക്ക് പതിച്ച ആയിരക്കണക്കിന് കിലോ ഭാരം വരുന്ന സ്ലാബിൽനിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അതുവഴി പോവുകയായിരുന്ന കാർ രക്ഷപ്പെട്ടത്. ഉച്ചക്ക് പന്ത്രണ്ടു മണിയോടെയായിരുന്നു സംഭവം. പാലം നിർമാണം പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ മുകളിൽനിന്ന് സ്ലാബുകളിൽ ഒന്ന് അടർന്നു വീഴുകയായിരുന്നു.
ഏറെനേരം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പിന്നീട് എസ്കവേറ്റർ ഉപയോഗിച്ച് സ്ലാബ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് മണത്തല ശിവക്ഷേത്രത്തിനു മുന്നിലെ പാലത്തിന് മുകളിൽനിന്ന് ക്രെയിൻ താഴെ സർവിസ് റോഡിലേക്ക് വീണിരുന്നു. പാലത്തിന്റെ ഒരു വശം ഇടിഞ്ഞാണ് നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ താഴേക്ക് പതിച്ചത്. റോഡിൽ വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നത് അന്നും രക്ഷയായി. ദേശീയപാത നിർമാണ പ്രവൃത്തികളിൽ ഒരുവിത സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നില്ലെന്ന് മുറവിളികൂട്ടാൻ തുടങ്ങിയിട്ട് കാലം കുറെയായെങ്കിലും അപകടങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.