മന്ദലാംകുന്ന് ബീച്ചിൽ കടലാമ മുട്ടയിടാനായി കൂടൊരുക്കുന്നു
ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്ദലാംകുന്ന് ബീച്ചിൽ കടലാമകൾ മുട്ടയിടാൻ എത്തി. ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടന പ്രവർത്തകരായ കെ.എ. നവാസ്, താഹിർ, ടി നിസാർ, എൻ. നവാസ്, സൈദാലി എന്നിവരുടെ നേതൃത്വത്തിൽ മുട്ടകൾ പുന്നയൂർ കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ ഹംസു, കമറുദ്ദീൻ എന്നിവർ ഹാച്ചറിയിലേക്ക് മാറ്റി.
സീസണിൽ ഇതുവരെ മൂന്നിടങ്ങളിലാണ് കടലാമകൾ മുട്ടയിടാനെത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ അകലാട് കാട്ടിലെ പള്ളി ബീച്ചിലും കടപ്പുറം പഞ്ചായത്തിലെ വെളിച്ചെണ്ണ പടിയിലും കടലാമകൾ മുട്ടയിടാനെത്തിയിരുന്നു. ഒലീവ് റിഡ്ലി ഇനത്തിലുള്ള കടലാമകളാണ് മുട്ടായിടാനെത്തുന്നത്. കുറച്ചു വർഷങ്ങളായി ഡിസംബറിന്റെ അവസാന വാരത്തിലാണ് ചാവക്കാട്ട് കടലാമകൾ കൂടുവെക്കാനെത്തുന്നത്.
സുനാമിയുടെ വരവോടെയാണ് കടലാമകളുടെ വരവ് നവംബറിൽനിന്ന് ഡിസംബറിലേക്ക് മാറിയെതെന്ന് ചാവക്കാട് കടൽതീരത്ത് കടലാമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ‘ഗ്രീൻ ഹാബിറ്റാറ്റ്’ സംഘടന എക്സിക്യൂട്ടിവ് ഡയറക്ടർ എൻ.ജെ. ജെയിംസ് പറഞ്ഞു. 45 മുതൽ 50 ദിവസം വരെയാണ് മുട്ടകൾ വിരിയാൻ എടുക്കുന്ന സമയം.
സൂര്യപ്രകാശത്തിന്റെ ചൂടോറ്റാണ് വിരിയുക. വിരിഞ്ഞിറങ്ങുന്ന കടലാമക്കുഞ്ഞുങ്ങളെ കടലാമ സംരക്ഷണ പ്രവർത്തകർ കടലിലേക്കു വിടും. വർഷങ്ങളായി കേരളത്തിൽ ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തുന്നത് ചാവക്കാട് മുതൽ പെരിയമ്പലം വരെയുള്ള കടൽത്തീരത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.