ദേ​ശീ​യപാ​ത വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന മ​ണ​ത്ത​ല ബൈ​പാ​സ് 

 ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി മണത്തലയിൽ മേൽപാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. പൊന്നാനി, ബ്ലാങ്ങാട്, ചാവക്കാട് ബീച്ച് റോഡുകളുടെ സംഗമമാണ് മണത്തല മുല്ലത്തറ ജങ്ഷൻ. മൂന്ന് ഭാഗത്തു നിന്നുമെത്തുന്ന വാഹനങ്ങൾ ഈ ജങ്ഷനിൽനിന്ന് ചാവക്കാട് നഗരത്തിലേക്കും നഗരത്തിൽ നിന്നുള്ള വാഹനങ്ങൾ തിരിച്ചും പോകുന്നതും ഇവിടെ എത്തിയ ശേഷമാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ബൈപാസ് വരുമ്പോൾ മുല്ലത്തറ ജങ്ഷനിൽ നിന്ന് വാഹനങ്ങൾ നഗരത്തിലേക്ക് പോകുന്നതിന് അടിപ്പാതയാണ് നിർമിക്കുകയെന്നാണ് ഇപ്പോഴത്തെ സൂചന.

എന്നാൽ, ഇപ്പോഴത്തെ വാഹനത്തിരക്കിന്റെ പശ്ചാത്തലത്തിൽ ദേശീയ പാതക്ക് അടിപ്പാതയിട്ടാൽ തിരക്കിന് ഒരു മാറ്റവുമുണ്ടാകില്ലെന്നും പകരം വിപുലമായ മേൽപാലമാണ് വേണ്ടതെന്നുമാണ് നാട്ടുകാർ പറയുന്നത്. മേൽപാലത്തിന് താഴെ സുഗമമായ വാഹന ഗതാഗത്തിന് റൗണ്ട് എബൗട്ട് വേണമെന്നും അവർ പറയുന്നു.

നഗരത്തിന്റെ ഭാഗമായതിനാൽ ഫ്ലൈ ഓവറിനു താഴെ എടപ്പാളിലെന്നപോലെ വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമേർപ്പെടുത്താം. മേൽപാലം വന്നാൽ സുഗമമായ വാഹന ഗതാഗത്തിന് പുറമെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ താഴെ നിർത്തിയിടുകയും ചെയ്യാം.

കാൽ നടയാത്രക്കാർക്കു റോഡ് മുറിച്ചു കടക്കാനും എളുപ്പമാവും. കെ.എസ്.ഇ.ബി, മണത്തല മസ്ജിദ്, മണത്തല ഹയർ സെക്കൻഡറി സ്കൂൾ, വിശ്വനാഥ ക്ഷേത്രം, നാഗയക്ഷി ക്ഷേത്രം സ്വകാര്യ സ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവ നിലകൊള്ളുന്ന സ്ഥലമായതിനാൽ അടിപ്പാത കാരണം ഭാവിയിൽ ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ മുന്നിൽ കണ്ട് ദീർഘവീക്ഷണത്തോട് കൂടിയ പദ്ധതികളാണ് നടപ്പാക്കേണ്ടതെന്നും പറയുന്നു.

അടിപ്പാത വന്നു കഴിഞ്ഞാൽ നിലവിലെ പദ്ധതി അനുസരിച്ചു പിന്നീടൊരിക്കലും മേൽപാലം നിർമിക്കാൻ കഴിയില്ല. ചമ്രവട്ടം ജങ്ഷൻ, വാടാനപ്പള്ളി എന്നിവിടെങ്ങളിലെല്ലാം മേൽപാലമാണ് നിർമിക്കുന്നത്. ആദ്യം അടിപ്പാത നിർദേശിക്കപ്പെട്ട തൃപ്രയാറിൽ ഇപ്പോൾ മേൽപാലമാക്കാൻ തീരുമാനമായി. എന്നാൽ ഏറെ തിരക്കുള്ള ചാവക്കാടിനെ ഒഴിവാക്കി. മണത്തലയിൽ മേൽപാലം നിർമിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിക്കാൻ പൊതുപ്രവർത്തകർ ചേർന്ന് കർമ സമിതി രൂപവത്ക്കരിച്ചു.

മണത്തല മസ്ജിദ് മുൻ പ്രസിഡന്റ് പി.കെ. ഇസ്മായിലാണ് സമിതി അധ്യക്ഷൻ. കെ.എം. ഷഹിൻഷാ, നാസർ തെരുവത്ത്, എ.എ. ശിവദാസൻ, പി.എ. ഷമീർ, നാസർ പറമ്പൻ, അലിക്കുട്ടി മണത്തല, ഉക്ബത്ത്, സി.വി. സലീം, റഹീം പണ്ടാരത്തിൽ എന്നിവരുൾപ്പെടെയുള്ള മേഖലയിലെ പൊതുപ്രവർത്തകരും വ്യാപാരികളുമാണ് സമിതിയിലുള്ളത്.

Tags:    
News Summary - flyover required in manathala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.