ചിറങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമാണം പൂർത്തിയാകാത്ത നിലയിൽ
കൊരട്ടി: ഓണം കഴിഞ്ഞിട്ടും ചിറങ്ങര റെയിൽവേ മേൽപാലത്തിന്റെ നിർമാണം പൂർത്തിയായില്ല. 2022 ജനുവരിയിലാണ് കരാർ പ്രകാരം മേൽപാലത്തിന്റെ പണികൾ പൂർത്തിയാവേണ്ടിയിരുന്നത്. അതിനുശേഷം ഓണവും പുതുവർഷവും കൊരട്ടിമുത്തിയുടെ തിരുനാളുമെല്ലാം എത്തുമ്പോൾ പാലം തുറന്നുകൊടുക്കുമെന്ന് പ്രദേശവാസികൾ പ്രതീക്ഷിക്കും.
ഇത്തവണയും ഓണത്തിന് ചിറങ്ങര റെയിൽവേ മേൽപാലം തുറക്കുമെന്ന് കരുതിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് റെയിൽവേ പാളത്തിന് മുകളിൽ ഗർഡറുകൾ കൂട്ടിച്ചേർക്കുന്ന പ്രധാന പണി കഴിഞ്ഞെങ്കിലും ബാക്കിയുള്ള പണികൾ ഇഴയുകയായിരുന്നു. കരാറുകാരന് ഫണ്ട് ലഭ്യമാകുന്നതിലെ കാലതാമസമാണ് ചിറങ്ങര മേൽപാലം നിർമാണത്തിന്റെ താളം തെറ്റിച്ചതെന്ന് സൂചന.
മേൽപാലത്തിന്റെ നിർമാണ ജോലികൾ ആദ്യഘട്ടത്തിൽ അതിവേഗം നടന്നിരുന്നു. എന്നാൽ, സമീപകാലത്തായി മേൽപാലത്തിന്റെ നിർമാണത്തിൽ അനാവശ്യ കാലതാമസം വരുന്നതിനാൽ വെസ്റ്റ് കൊരട്ടി, ചെറ്റാരിക്കൽ, മാമ്പ്ര, ചെറുവാളൂർ തുടങ്ങി ഭാഗത്തെ ജനങ്ങൾ വിഷമത്തിലാണ്. അതുപോലെ അന്നമനട ഭാഗത്തേക്ക് പോകുന്നവരും യാത്രാക്ലേശം നേരിടുകയാണ്.
നിർമാണത്തിന്റെ ഭാഗമായി റെയിൽവേ ലെവൽ ക്രോസ് അടഞ്ഞുപോയതോടെ കൊരട്ടി ജങ്ഷൻ വഴി കിലോമീറ്ററുകൾ ചുറ്റിവളഞ്ഞ് വേണം ലക്ഷ്യത്തിൽ എത്താൻ. ഇതുമൂലം കൊരട്ടി ജങ്ങ്ഷനിൽ ഗതാഗത തിരക്ക് വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.