തൃശൂർ: പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും അക്കാര്യം സ്റ്റേഷൻ കെട്ടിടത്തിന് മുൻവശത്ത് ബോർഡിൽ പ്രദർശിപ്പിക്കാനുമുള്ള സുപ്രീംകോടതി നിർദേശം ഇനിയും നടപ്പായില്ല. വിവരാവകാശ സംഘടനയായ ‘നേർക്കാഴ്ച’ അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് ഡി.ജി.പിക്ക് പരാതി നൽകി.
പൊലീസ് സ്റ്റേഷനുകളിൽ മനുഷ്യാവകാശ ലംഘനങ്ങളും കസ്റ്റഡി മർദനവും തടയുന്നതിെൻറ ഭാഗമായിട്ടായിരുന്നു 2020ൽ സുപ്രീംകോടതി ഉത്തരവിറക്കിയത്. എല്ലാ സ്റ്റേഷനുകളിലും സി.സി.ടി.വി സംവിധാനം പൂർണമായിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്റ്റേഷനുകളിലെ മനുഷ്യാവകാശലംഘനങ്ങൾ സംബന്ധിച്ച് കേന്ദ്ര/സംസ്ഥാന മനുഷ്യാവകാശ കമീഷനുകൾ, മനുഷ്യാവകാശ കോടതികൾ, പൊലീസ് സൂപ്രണ്ട് എന്നിവർക്ക് പൗരന്മാർക്ക് പരാതി നൽകാനുള്ള കാര്യങ്ങളെക്കുറിച്ച് ബോർഡിൽ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ടെങ്കിലും സി.സി.ടി.വി സ്ഥാപിച്ച് ഒരു വർഷമായിട്ടും നടപ്പാക്കിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു.
സി.സി.ടി.വി പരിപാലനത്തിനും, കാമറ നിരീക്ഷിക്കാനും, ജില്ലാതല പരാതികൾ പരിഹരിക്കാനും ആഭ്യന്തര വകുപ്പ് അഡീഷണൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി, ഡി.ജി.പി, ഐ.ജി, ചെയർപേഴ്സൺ/മെമ്പർ വനിതാ കമീഷൻ എന്നിവരടങ്ങിയ മേൽനോട്ട സമിതിയും ജില്ലാ തലങ്ങളിൽ കലക്ടർ ജില്ലാ പൊലീസ് മേധാവിമാർ, കോർപറേഷൻ, മേയർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എന്നിവർ അംഗങ്ങളായുള്ള സമിതിയും വേണം. ഇവർ സി.സി.ടി.വി നിരീക്ഷിക്കുകയും ദിവസവും സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങൾ വിലയിരുത്തി സംസ്ഥാനതലത്തിൽ റിപ്പോർട്ട് നൽകണം. സുപ്രീംകോടതി നിർദേശപ്രകാരം 39 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.