തൃശൂർ: പ്ലാസ്റ്റിക് നിരോധനം നിലനിൽക്കുന്ന സമയത്തുപോലും പ്ലാസ്റ്റിക്ക് ചാക്കുകളിൽ മണൽ നിറച്ച് കുറുമാലി പുഴയുടെ വിവിധ ഭാഗങ്ങളിൽ ഇറിഗേഷൻ വകുപ്പ് ചിറ കെട്ടുന്നത് വിരോധാഭാസമാണെന്നും ജില്ല ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത.
പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജനം ചെയ്യേണ്ടത് ജില്ല ഭരണകൂടങ്ങളുടെ പ്രധാന കടമയും കർത്തവ്യവുമാണ്. കുടിവെള്ളത്തിനും കൃഷിക്കും വേണ്ടി നിർമ്മിക്കുന്ന മണൽചാക്ക് ചിറകൾ കാരണം കുറുമാലി പുഴ മലിനമാകുന്നത് തടയാൻ ജില്ല ഭരണകൂടം നടപടിയെടുക്കണം. പ്ലാസ്റ്റിക്ക് ചാക്കുകൾക്ക് പകരം സംവിധാനം എർപ്പെടുത്തണമെന്ന കമീഷന്റെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടർ സ്വീകരിച്ച നടപടികൾ ആറ് മാസത്തിനകം അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
കേസ് ആഗസ്റ്റിൽ വീണ്ടും പരിഗണിക്കും. ചിറ നിർമാണത്തിന് പ്ലാസ്റ്റിക്ക് ചാക്ക് ഉപയോഗിക്കരുതെന്ന കമീഷൻ ഉത്തരവ് ലംഘിക്കപ്പെട്ടതായി ആരോപിച്ച് കെ.ജി. രവീന്ദ്രനാഥ് സമർപ്പിച്ച പരാതിയിലാണ് നടപടി. മണൽചാക്കിന് പകരം ജിയോ ബാഗ് ഉപയോഗിച്ച് ചിറ നിർമിക്കാൻ അധിക ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ല.
ആവശ്യം കഴിഞ്ഞാലുടൻ മണൽ, പുഴയിൽ നിക്ഷേപിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന കമീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കലക്ടർ അറിയക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.