വാടാനപ്പള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ, കുപ്രസിദ്ധ ഗുണ്ടാനേതാവും 25 ക്രിമിനൽ കേസുകളിലെ പ്രതിയുമായ ബിൻഷാദ് അടക്കം എട്ട് പ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ഫസൽ നഗർ സ്വദേശി ബിൻഷാദ് (36), ഇടശ്ശേരി സുലൈമാൻ പള്ളിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാക്ക് (23), വാടാനപ്പള്ളി കുട്ടമുഖം സ്വദേശി വടക്കിനേടത്ത് വീട്ടിൽ മുഹമ്മദ് അസ്ലം (28), ഗണേശമംഗലം എം.എൽ.എ വളവ് സ്വദേശി അമ്പലത്ത് വീട്ടിൽ ഷിഫാസ് (30), വാടാനപ്പള്ളി റഹ്മത്ത് നഗർ സ്വദേശി പോക്കാക്കില്ലത്ത് വീട്ടിൽ ഫാസിൽ (24), ഗണേശമംഗലം സ്വദേശി അമ്പലത്ത് വീട്ടിൽ ഷാഫി മുഹമ്മദ് (36), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ആഷിഖ് (27), ഗണേശമംഗലം എം.എൽ.എ വളവ് സ്വദേശി അറക്കവീട്ടിൽ മുഹമ്മദ് റയീസ് (22) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം 18ന് രാത്രിയിൽ വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് നടുവിൽക്കര ദേശീയപാതയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചുവരുത്തി. അവിടെ നിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി വാടാനപ്പള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു.
പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് നടന്ന അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ച് മാറ്റിയ വൈരാഗ്യത്താലാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.