ഡേ​വി​ഡ് വീ​ട്ടി​ലെ ഓ​ഫി​സി​ൽ സ​ജ്ജ​മാ​ക്കി​യ അ​മ​ച്വ​ർ വ​യ​ർ​ലെ​സ് സ്റ്റേ​ഷ​നി​ൽ 

തൃശൂരിലും ഇനി അമച്വർ വയർലെസ് സ്റ്റേഷൻ

തൃശൂർ: ദുരന്ത സാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന് ഇനി 'ഡേവിഡിന്‍റെ സാങ്കേതിക സഹായ'വും ഉപയോഗിക്കാം. വാർത്തവിനിമയബന്ധങ്ങൾ തകരാറിലായപ്പോൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സഹായകരമാകുന്നതാണ് അമച്വർ വയർലെസ്. വി.എസ്. ഡേവിഡിന് കേന്ദ്ര വാർത്തവിനിമയ മന്ത്രാലയം നടപടിക്രമങ്ങൾ പൂർത്തിയാക്കി അമച്വർ വയർലെസ് സ്റ്റേഷൻ ലൈസൻസ് അനുവദിച്ചു.

മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക്ക് ഒബാമ, ബഹിരാകാശ സഞ്ചാരികളായ യൂറി ഗഗാറിൻ, കൽപന ചൗള, കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ, മമ്മൂട്ടി, കമൽഹാസൻ, മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർക്കാണ് ഇതിന് മുമ്പ് അമച്വർ വയർലെസ് അനുവദിച്ചിട്ടുള്ളത്. ഈ നിരയിലേക്കാണ് ഇനി ഡേവിഡും കടക്കുന്നത്.

കെ.എസ്.യു മുൻ ജില്ല സെക്രട്ടറി കൂടിയായ ഡേവിഡ് സ്കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇക്കഴിഞ്ഞ പ്രളയകാലങ്ങളിൽ സ്കൗട്ടിന്‍റെ ഹാം റേഡിയോ ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനം ഏറെ സഹായകരമായിരുന്നു. തൃശൂർ കോർപറേഷൻ ആസ്ഥാനത്ത് ഹാം റേഡിയോ കൺട്രോൾ റൂം പ്രവർത്തിപ്പിച്ച് അതിന് നേതൃത്വം നൽകിയതും ഡേവിഡായിരുന്നു. നിലവിൽ സ്കൗട്ട് ജില്ല നിർവാഹക സമിതി അംഗം കൂടിയാണ്. വിദ്യാർഥി സംഘടന പ്രവർത്തകനാണെങ്കിലും സാമൂഹിക രംഗത്തും നിറഞ്ഞുനിൽക്കുന്നയാളാണ് ഡേവിഡ്. പ്രളയകാലത്തും കോവിഡ് കാലത്തും വിദ്യാർഥികൾക്കും വീടുകളിലേക്കും ഡേവിഡിന്‍റെ സഹായപ്രവർത്തനങ്ങളെത്തി. കോവിഡ് കാലത്ത് സംസ്ഥാനത്ത് ആദ്യമായി കോവിഡ് രോഗികളെ കൊണ്ടുപോകാനും അവർക്ക് സഹായവുമായി കെ.എസ്.യു കാരുണ്യവാഹനം നിരത്തിലിറക്കിയത് തൃശൂരായിരുന്നു.

കേന്ദ്ര സർക്കാർ നിർദേശിച്ച പരീക്ഷ മികച്ച വിജയത്തോടെ പാസായതിനൊപ്പം പ്രവർത്തനങ്ങളെ സംബന്ധിച്ച പൊലീസിന്‍റെയടക്കമുള്ള ഏജൻസികളുടെ റിപ്പോർട്ടും പരിശോധിച്ചാണ് അമച്വർ വയർലെസ് ലൈസൻസ് അനുവദിക്കുന്നത്. 2074 വരെയാണ് ഡേവിഡിന്‍റെ ലൈസൻസ് കാലാവധി. വയർലെസ് ലൈസൻസും സ്റ്റേഷനും ലഭ്യമായ ഡേവിഡ് വീട്ടിലെ ഓഫിസ് മുറിയിൽ സജ്ജമാക്കിയ സ്റ്റേഷനിലിരുന്ന് അബൂദബിയിലുള്ളയാളുമായി വയർലെസിലൂടെ ആശയവിനിമയം നടത്തി.

കുവൈത്ത് യുദ്ധകാലത്ത് അവിടുന്ന് ഇന്ത്യയിലേക്ക് വിവരങ്ങൾ കൈമാറിയും രാജീവ് ഗാന്ധി വധത്തെ തുടർന്ന് എൽ.ടി.ടി സന്ദേശങ്ങൾ ചോർത്തി നൽകി സൈന്യത്തിനെ സഹായിച്ചതും അമച്വർ വയർലെസ് ഉപയോഗിച്ചായിരുന്നു.

Tags:    
News Summary - Amateur wireless station in Thrissur too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.