റോഡിലെ കുഴിയിൽ വീണ് ബസിന്റെ മുൻവശത്തെ ചില്ല് തകർന്ന നിലയിൽ
അരിമ്പൂർ: റോഡിലെ കുഴിയിൽ വീണതോടെ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ മുൻവശത്തെ ചില്ല് തകർന്നുവീണ് അഞ്ചു പേർക്ക് പരിക്കേറ്റു. യാത്രക്കാരായ മൂന്ന് സ്ത്രീകൾ, ഒരു കുട്ടി, ബസ് ഡ്രൈവർ വാടാനപ്പള്ളി സ്വദേശി ആലപ്പി വീട്ടിൽ അഭി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് 12.45 ഓടെയായിരുന്നു സംഭവം. തൃശൂരിൽനിന്ന് തൃപ്രയാറിലേക്ക് യാത്രക്കാരുമായി വന്ന ശ്രീറാം എന്ന ബസിന്റെ മുൻവശത്തെ ചില്ലാണ് അരിമ്പൂർ അഗ്രോ കോർപറേഷന് സമീപം പൊട്ടി വീണത്.
റോഡിലെ കുഴിയിൽ വീണപ്പോൾ ബസിന്റെ മുൻ വശത്തെ ചില്ല് പൊട്ടി ഉള്ളിലേക്ക് വീഴുകയായിരുന്നു. പെട്ടെന്നുണ്ടായ അപകടത്തെ തുടർന്ന് ഡ്രൈവർ പരിഭ്രാന്തിയിലായെങ്കിലും ബസ് ബ്രേക്ക് ചവിട്ടി ഒതുക്കി നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. പൊട്ടിയ ചില്ല് മുൻവശത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരുടെ ദേഹത്തേക്ക് ചിതറി വീഴുകയായിരുന്നു. ചവിട്ടിയതോടെ ഡ്രൈവറുടെ കാലിൽ ചില്ലുകൾ കയറി പരിക്കുപറ്റി. ഉടൻ അരിമ്പൂരിൽ ഉള്ള സ്വകാര്യ ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. തൃശൂർ-വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ മേഖലയിൽ ചിലയിടത്ത് റോഡിൽ ചതിക്കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.