ആമ്പല്ലൂർ: ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയിൽവേ ഗേറ്റ് വൈദ്യുതി കമ്പിയിൽ വീണ സംഭവത്തിൽ ഒഴിവായത് വൻദുരന്തം. അപകടത്തിൽ ഒടിഞ്ഞ ഇരുമ്പ് ഗേറ്റ് വൈദ്യുതി കമ്പിയിൽ തടഞ്ഞുനിന്ന നിലയിലായിരുന്നു. ഉയർന്ന വോൾട്ടേജിൽ വൈദ്യുതി പ്രവഹിക്കുന്ന ലൈനിൽ റെയിൽവേ ക്രോസ്ബാർ തട്ടി നിന്നതോടെ ലോറിയുടെ മുകളിലേക്ക് തീപ്പൊരി ചിതറിയെങ്കിലും ഗ്യാസ് സിലിണ്ടറുകളിൽ തീ പടരാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സംഭവം നടന്നയുടൻ, പാളം മുറിച്ചുകടക്കരുതെന്ന് ഗേറ്റ് കീപ്പർ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പു നൽകിയിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. കൊച്ചിയിൽനിന്ന് ഭാരത് പെട്രോളിയത്തിന്റെ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി റെയിൽവേ ഗേറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗേറ്റ് മുറിഞ്ഞ് വൈദ്യുതി കമ്പിയിലേക്ക് വീണു.
കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്സ്പ്രസിന് പോകാൻ ഗേറ്റ് അടക്കുന്നതിനിടെ ലോറി കടന്നുപോകാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗേറ്റിൽ ഇടിച്ചതറിയാതെ ലോറി പിന്നെയും മുന്നോട്ടെടുക്കാൻ ശ്രമിച്ചുവെങ്കിലും വാഹന യാത്രികരും നാട്ടുകാരും അറിയിച്ചതിനെ തുടർന്ന് ലോറി പിറകിലേക്ക് മാറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് ഇരുഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം ഒരുമണിക്കൂറോളം തടസ്സപ്പെട്ടു.
ഗേറ്റ് തകർന്നതോടെ പുതുക്കാട് ഇരിങ്ങാലക്കുട, ഊരകം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. നൂറു കണക്കിന് വാഹനങ്ങളാണ് ഗേറ്റിന് ഇരുവശത്തുമുള്ള റോഡിൽ കുടുങ്ങിയത്. ഇവിടെ റെയിൽവേ മേൽപ്പാലം വേണമെന്നത് നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.