28,419 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കെ.എസ്​.ഇ.ബി

അഞ്ച്​ വർഷത്തിനുള്ളിൽ 14 ജലവൈദ്യുതി പദ്ധതികൾ - പി.പി. പ്രശാന്ത്​ തൃശൂർ: അഞ്ച്​ വർഷത്തിനുള്ളിൽ 28,419 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിരേഖ കെ.എസ്​.ഇ.ബി, കേരള സ്റ്റേറ്റ്​ ഇലക്​​ട്രിസിറ്റി റെഗുലേറ്ററി കമീഷന് സമർപ്പിച്ചു. പാതിവഴിയിൽ എത്തിനിൽക്കുന്നതും സ്തംഭിച്ചതും പുതിയതുമായ 14 ചെറുകിട ജലവൈദ്യുതി പദ്ധതികളുടെ നിർമാണം പൂർത്തിയാക്കാനുള്ള വിശദ രൂപരേഖയാണ്​ സമർപ്പിച്ചത്​. സാധാരണയായി താരിഫ്​ പെറ്റീഷനോടൊപ്പം സമർപ്പിച്ചിരുന്ന പദ്ധതിരേഖ ഇത്തവണ ആദ്യമായാണ്​ 'കാപിറ്റൽ ഇൻവെസ്റ്റ്​മെന്‍റ്​ പ്ലാൻ' (മൂലധന നിക്ഷേപ പദ്ധതി) എന്ന പേരിൽ സമർപ്പിക്കുന്നത്​. പ്രവർത്തനങ്ങൾക്ക്​ അംഗീകാരം ലഭിക്കുന്നതോടൊപ്പം സഹായധനവും പ്രതീക്ഷിച്ചുള്ള നീക്കമാണിത്​. ചെറുകിട ജലവൈദ്യുതി പദ്ധതികളിലൂടെ അധിക വൈദ്യുതി ഉൽപാദനം എന്നതിൽ ഊന്നിയുള്ള കാഴ്ചപ്പാടാണ്​ ബോർഡ്​ പങ്കുവെക്കുന്നത്​. സംസ്ഥാനത്തിന്​ ആവശ്യമുള്ളതിൽ 30 ശതമാനം വൈദ്യുതി മാത്രമാണ്​ ഉൽപാദിപ്പിക്കുന്നത്​. ഇത്​ മറികടക്കാൻ 4749.8 കോടി ചെലവിൽ 14 ജലവൈദ്യുതി പദ്ധതികളാണ്​ അഞ്ച്​ വർഷത്തിനുള്ളിൽ പൂർത്തിയാകുക​. രണ്ട്​ വർഷത്തിനുള്ളിൽ ഇവയിൽ 185 മെഗാവാട്ടിന്‍റെ​ പദ്ധതികൾ കമീഷൻ ചെയ്യും. അപ്പർ ചെങ്കുളം, പീച്ചഡ്​, പടിഞ്ഞാറൻ കല്ലാർ, പെരിയാറിനോട്​ ചേർന്ന ലാഡ്രം, മർമല, പശുക്കടവ്​, വാലന്തോട്​, മാരിപ്പുഴ, ചെമ്പൂക്കടവ്​-മൂന്നാംഘട്ടം​, ചാത്തൻകോട്ടുനട, ഒലിക്കൽ ഷെപ്​, പൂവാരംതോട്​, മാങ്കുളം, ഇടുക്കി (ഗോൾഡൻ ജൂബിലി) എക്സ്റ്റൻഷൻ സ്കീം എന്നീ വൈദ്യുതി പദ്ധതികളാണ്​ 2026-27ഓടെ യാഥാർഥ്യമാകുക. രണ്ടെണ്ണം നീർത്തട മാർഗങ്ങളിൽനിന്ന്​ വൈദ്യുതി ഉൽപാദിക്കുന്നതും ബാക്കി 11 എണ്ണം നദീതട ജലവൈദ്യുതി പദ്ധതികളുമാണ്. ഇതിനായുള്ള നടപടികൾ വിവിധ ഘട്ടങ്ങളിലാണ്​. 4749.8 കോടി രൂപയാണ്​ ഇതിന്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. ഇതിൽ ഇടുക്കി എക്സ്റ്റൻഷൻ സ്കീമിന്​ മാത്രമായി 3062 കോടിയാണ്​ ചെലവ്​. ഈ സ്കീം 2029ൽ പൂർത്തിയാകും. ഇതൊഴിച്ച്​ മറ്റ്​ പദ്ധതികൾ 2027ൽ പൂർത്തിയാക്കും. വൈദ്യുതി ഉപയോഗം 2021-22 വർഷം 26722 എം.യുവിൽ (മില്യൺ യൂനിറ്റ്​) നിന്ന്​ 2026-27 ആകുമ്പോൾ 33718 ആകുമെന്നാണ്​ വിലയിരുത്തൽ. കേന്ദ്രപൂളിൽനിന്നും വൈദ്യുതി കടമെടുത്ത്​ വൻ തുകയുടെ ബാധ്യത വരുത്തുന്നതിനേക്കാൾ വൈദ്യുതി ഉൽപാദന ശേഷി വർധിപ്പിക്കാനും പുനരുദ്ധാരണത്തിനും പ്രതിവർഷം 6000 കോടി രൂപയുടെ ചെലവ്​ പ്രതീക്ഷിക്കുന്ന വിശദരേഖയാണ്​ ബോർഡ്​ സമർപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.