ചാലക്കുടിയിൽ 425 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളിലായി 104 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അന്തർ സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 452 പേരാണ് ക്യാമ്പുകളിൽ എത്തിയിട്ടുള്ളത്. സെന്റ് ജോർജ് എച്ച്.എസ് പരിയാരം, ജി.എൽ.പി.എസ് കൊന്നക്കുഴി, ഡിവൈൻ ധ്യാനകേന്ദ്രത്തിലെ മലയാളം ബ്ലോക്ക്, സെന്റ് ആന്റണീസ് ജി.എച്ച്.എസ് കോട്ടാറ്റ്, തിരുമാന്ധാംകുന്ന് അമ്പലത്തിലെ ഹാൾ, യു.പി.എസ് കാതിക്കുടം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായും ആവശ്യം വരുന്ന മുറക്ക്​ കൂടുതൽ ക്യാമ്പുകൾ തുറക്കാനുള്ള നടപടികളും പൂർത്തിയായതായും സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. പരിയാരം ഗ്രാമപഞ്ചായത്തിലെ കമ്മളം, മേലൂർ ഗ്രാമപഞ്ചായത്തിലെ ഡിവൈൻ കോളനി, എരുമപ്പാടം, ചാലക്കുടി നഗരസഭ പരിധിയിൽ കൂടപ്പുഴ, റെയിൽവേ അണ്ടർപാസ്, കാടുകുറ്റി പഞ്ചായത്തിലെ ചെറുവാളൂർ പ്രദേശങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്റെ ഭാഗമായി കൂടുതൽ ബോട്ടുകൾ ഉൾപ്പെടെയുള്ള രക്ഷാദൗത്യ സംവിധാനങ്ങൾ തയാറായതായും എൻ.ഡി.ആർ.എഫിന്റെ ഒരുയൂനിറ്റ് ചാലക്കുടിയിൽ എത്തി ക്യാമ്പ് ചെയ്യുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. സ്ഥിതിഗതികൾ വിലയിരുത്താൻ ചാലക്കുടി താലൂക്ക് ഓഫിസിൽ മുഴുവൻ സമയ കൺട്രോൾ റൂം സജ്ജമാക്കിയതായും ചാലക്കുടിപ്പുഴയിലെ വെള്ളത്തിന്റെയും ചാലക്കുടിയിലെ വിവിധ പ്രദേശങ്ങളിലായി പെയ്യുന്ന മഴയുടെയും ചാലക്കുടിപ്പുഴയുമായി ബന്ധപ്പെട്ട ഡാമുകളിലെ വെള്ളത്തിന്റെ അളവും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും എം.എൽ.എ അറിയിച്ചു. വാഴച്ചാൽ ആദിവാസി കോളനികളിലുള്ളവർക്ക് ഏതുസമയവും വാഴച്ചാലിലെ വനംവകുപ്പിന്റെ ഡോർമിറ്ററിയിലേക്ക്​ മാറിത്താമസിക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയായിട്ടുണ്ട്. പുളിയിലപ്പാറയിൽ പാലത്തിങ്കൽ സിനുവിന്റെ വീടിനോടുചേർന്ന് ചെറിയതോതിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുടുംബം ബന്ധുവീട്ടിലേക്ക്​ മാറിത്താമസിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.