സ്​കൂൾ ഭക്ഷ്യകിറ്റ്: ജില്ലയിലെ 2,05,820 കുട്ടികൾക്ക്

തൃശൂർ: ജില്ലയിലെ 2,05,820 വിദ്യാർഥികൾക്ക്​ ഭക്ഷ്യകിറ്റ് പൊതുവിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് മധ്യവേനലവധിക്കാലത്തേക്കുള്ള ഭക്ഷ്യഭദ്രതാ അലവൻസാണിത്​. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യകിറ്റാണ്​ വിതരണം ചെയ്യുന്നത്​. അർഹതപ്പെട്ട ഭക്ഷ്യധാന്യവും പാചക ചെലവിനുള്ള തുകയും ചേരുന്നതാണ് ഭക്ഷ്യഭദ്രത അലവൻസ്. ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിദിനങ്ങൾ ഒഴിവാക്കിയുള്ള 39 ദിവസങ്ങളിലേക്ക് കുട്ടികൾക്ക് അർഹതപ്പെട്ട ഭക്ഷ്യധാന്യവും മാർച്ചിലെ 15 ദിവസം അടച്ചിടൽമൂലം പാചക ചെലവ്​ ഇനത്തിൽ മിച്ചംവന്ന തുകക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റിൽ ഉൾപ്പെടുന്നത്. കഴിഞ്ഞ അധ്യയനവർഷത്തിലെ കിറ്റാണ്​ വിതരണം ചെയ്യുന്നത്​. ഈ അധ്യയനവർഷത്തെ കിറ്റ്​ നൽകുന്നതിന്​ പ്രവേശനം പൂർണമായതിന്​ പിന്നാലെ നൽകുന്നതാണ്​. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി ഒമ്പത് ഇനങ്ങളാണ് പലവ്യഞ്ജനങ്ങളായി ഉൾപ്പെടുത്തുന്നത്. പ്രീ പ്രൈമറി കുട്ടികൾക്ക് 1.2 കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് ലഭിക്കുക. നാല് കിലോഗ്രാം അരിയും 261.03 രൂപയുടെ പലവ്യഞ്ജനങ്ങളുമാണ് പ്രൈമറി വിഭാഗത്തിന് നൽകുന്ന കിറ്റിലുള്ളത്. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് ആറ് കിലോഗ്രാം അരിയും 391.20 രൂപയുടെ പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റാണ് നൽകുക. സപ്ലൈകോയുടെ താലൂക്ക് ഡിപ്പോകളുടെ നേതൃത്വത്തിലാണ് ഭക്ഷ്യകിറ്റ് തയാറാക്കി വിതരണം നടക്കുന്നത്. സപ്ലൈകൊ മുഖേന സ്‌കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യകിറ്റുകൾ സ്‌കൂൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി എന്നിവയുടെ മേൽനോട്ടത്തിൽ കൃത്യമായ സാമൂഹിക അകലം പാലിച്ച് വിതരണം ചെയ്യും. നിലവിലെ സാഹചര്യത്തിൽ കുട്ടികളുടെ രക്ഷിതാക്കൾക്കാണ് സ്‌കൂളിൽനിന്ന് കിറ്റുകൾ വിതരണം ചെയ്യുക. ഇതനുസരിച്ച് ഓരോ ഡിവിഷനുമുള്ള ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ച് സമയക്രമം സ്‌കൂളുകൾതന്നെ തീരുമാനിച്ച് വിവരം മുൻകൂട്ടി രക്ഷിതാക്കളെ അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.