*ബാങ്ക് മേധാവികൾ എറണാകുളത്ത് യോഗം ചേർന്നു തൃശൂർ: അടുത്ത ഒക്ടോബറിൽ കാലാവധി പൂർത്തിയാവുന്ന ബാങ്കിങ് മേഖലയിലെ ശമ്പള പരിഷ്കരണ കരാർ പുതുക്കൽ അട്ടിമറിക്കാൻ സ്വകാര്യ മേഖല ബാങ്കുകളുടെ സംഘടിത നീക്കം. നവംബറിൽ പുതിയ ശമ്പള കരാർ നിലവിൽ വരണമെന്നിരിക്കെ, ബാങ്ക് മാനേജ്മെന്റുകളുടെ സംയുക്ത വേദിയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐ.ബി.എ) ബാങ്ക് ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസും (യു.എഫ്.ബി.യു) തമ്മിലുള്ള ചർച്ചയിൽനിന്ന് വിട്ടുനിൽക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് ഒരുവിഭാഗം സ്വകാര്യ ബാങ്ക് മാനേജ്മെന്റുകളുടെ പ്രതിനിധികൾ മാർച്ച് 27ന് എറണാകുളത്ത് യോഗം ചേർന്നു. ബാങ്കിങ് മേഖലയിൽ ഏറ്റവും ഒടുവിലത്തെ ശമ്പള പരിഷ്കരണം നടപ്പാക്കാൻ വൈകിയിരുന്നു. 2017 നവംബർ ഒന്നിന് നിലവിൽ വരേണ്ടിയിരുന്ന പുതിയ കരാർ സംബന്ധിച്ച് ധാരണയിൽ എത്താൻ വൈകിയതുമൂലം 2020ലാണ് നടപ്പായത്. ഇതിന്‍റെ കാലാവധിയാണ് ഒക്ടോബറിൽ അവസാനിക്കുന്നത്. കഴിഞ്ഞ പരിഷ്കരണ ചർച്ചയിൽനിന്ന് തൃശൂർ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കും (പഴയ കാത്തലിക് സിറിയൻ ബാങ്ക്) തമിഴ്നാട്ടിലെ ലക്ഷ്മി വിലാസ് ബാങ്കും വിട്ടുനിന്നിരുന്നു. ലക്ഷ്മി വിലാസ് ബാങ്ക് പിന്നീട് ഡെവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂരിൽ ലയിച്ചു. സി.എസ്.ബി ബാങ്ക് ആവട്ടെ ഉഭയകക്ഷി ധാരണക്കുപുറത്ത് തങ്ങൾ ബാങ്ക് തലത്തിൽ തയാറാക്കുന്ന ശമ്പള ഘടനയാണ് നടപ്പാക്കാൻ പോകുന്നത് എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്ന് സി.എസ്.ബി സ്വീകരിച്ച വഴിയിലാണ് കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ മേഖല ബാങ്കുകൾ ഉൾപ്പെടെയുള്ളവ ഇത്തവണ നീങ്ങുന്നത്. ബാങ്കിങ് മേഖലയിലെ ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകൾ അടുത്ത പരിഷ്കരണ ചർച്ചയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാനുള്ള ചാർട്ടർ ഓഫ് ഡിമാൻഡ്സ് തയാറാക്കുന്ന തിരക്കിലാണ്. ഇതിന്മേൽ ചർച്ച നടത്തി ധാരണയിൽ എത്തുകയും പുതിയ കരാർ നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുകയും ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തിലാണ് അതിനെതിരെ സ്വകാര്യ ബാങ്ക് മാനേജ്മെന്റുകളുടെ സംഘടിത നീക്കം തുടങ്ങിയിരിക്കുന്നത്. വീണ്ടും ചർച്ച നടത്താനും സ്വകാര്യ ബാങ്ക് മാനേജ്മെന്റുകൾ തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ബാങ്കുകളുടെ പാത പിന്തുടർന്ന് പ്രമുഖ പൊതുമേഖല ബാങ്കുകൾ പോലും ഉഭയകക്ഷി ചർച്ചയിൽ സേവന-വേതന വ്യവസ്ഥ തീരുമാനിക്കുന്ന നിലവിലെ രീതിയിൽനിന്ന് മാറിനിൽക്കാനുള്ള നീക്കം ആരംഭിച്ചതായും അഭ്യൂഹമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.