ജൂനിയർ-സബ്‌ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്: തിരുവനന്തപുരവും എറണാകുളവും മുന്നിൽ

നാല് പുതിയ റെക്കോഡുകൾ തൃശൂർ: സംസ്ഥാന ജൂനിയർ -സബ്‌ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പിലെ ആദ്യദിനത്തിൽ ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരവും സബ്‌ ജൂനിയർ വിഭാഗത്തിൽ എറണാകുളവും മുന്നിൽ. തൃശൂർ അക്വാട്ടിക്‌സ്‌ കോംപ്ലക്സിൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിൽ പുതുതായി നാല്​ റെക്കോഡുകൾ പിറന്നു. നാലും എറണാകുളത്തുകാർ സ്വന്തമാക്കി. സബ്‌ ജൂനിയർ ഗേൾസ്‌ ഗ്രൂപ് അഞ്ച്‌ വിഭാഗം 50 മീറ്റർ ബാക്ക്‌ സ്ട്രോക്കിൽ എറണാകുളത്തിന്‍റെ ശ്രേയാ ബിനിൽ നിലവിലുള്ള റെക്കോഡ്‌ ഭേദിച്ചു. 37:86 സെക്കൻഡിൽ ശ്രേയ ഫിനിഷിങ്‌ ലൈൻ തൊട്ടു. പഴയ റെക്കോഡ്‌ 47:03 സെക്കൻഡായിരുന്നു. സബ്‌ ജൂനിയർ ഗേൾസ്‌ ഗ്രൂപ് നാല്‌ വിഭാഗം 50 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ എറണാകുളത്തിന്‍റെ ക്രിസ്റ്റീന സോജൻ 38:79 സെക്കൻഡിൽ നീന്തിയെത്തി റെക്കോഡ്‌ കുറിച്ചു. പഴയ റെക്കോഡ്‌ 39:03 സെക്കൻഡായിരുന്നു. ജൂനിയർ ഗേൾസ്‌ ഗ്രൂപ് ഒന്ന്‌ 50 മീറ്റർ ബാക്ക്‌ സ്ട്രോക്കിൽ 34:16 സെക്കൻഡിൽ ഫിനിഷ്‌ ചെയ്‌ത്‌ എറണാകുളത്തിന്‍റെ സന മാത്യു റെക്കോഡ്‌ സ്വന്തമാക്കി. 34:24 സെക്കൻഡായിരുന്നു പഴയ റെക്കോഡ്‌. ജൂനിയർ ബോയ്‌സ്‌ ഗ്രൂപ് രണ്ട്‌ 4 x 100 മെഡ്‌ലേ റിലേ 4:42:74 മിനിറ്റിൽ ഫിനിഷ്‌ ചെയ്‌ത എണാകുളത്തിന്‍റെ എസ്‌. അഭിനവ്‌, പി. ആദിദേവ്‌, ആന്‍റോണിയോ, ക്ലിഫോർഡ്‌ എന്നിവർ റെക്കോഡ്‌ നേട്ടം കൈവരിച്ചു. 4:46:79 മിനിറ്റായിരുന്നു പഴയ റെക്കോഡ്‌. 38 മത്സരങ്ങൾ പൂർത്തിയായപ്പോൾ, ജൂനിയർ വിഭാഗത്തിൽ 227 പോയന്‍റ്‌ നേടിയാണ്‌ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്‌ നിൽക്കുന്നത്‌. 226 പോയന്‍റുമായി എറണാകുളം തൊട്ടുപിന്നാലെയുണ്ട്‌. 56 പോയന്‍റോടെ പാലക്കാടാണ്‌ മൂന്നാം സ്ഥാനത്ത്‌. സബ്‌ ജൂനിയർ വിഭാഗത്തിൽ 178 പോയന്‍റോടെ എറണാകുളം ഏറെ മുന്നിലാണ്‌. 75 പോയന്‍റുമായി തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 21 പോയന്‍റോടെ കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്‌. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.