കോഴിക്കറി കിട്ടാത്തതിൽ പിണങ്ങി പുഴയിൽ ചാടിയ യുവാവ്​ ​തിരച്ചിലിനിടെ വീട്ടിലെത്തി

തിരുവില്വാമല (തൃശൂർ): ചോറിനൊപ്പം കോഴിക്കറി കിട്ടാത്തതിന്​ വീട്ടുകാരോട് പിണങ്ങി ഭാരതപ്പുഴയിൽ ചാടിയ യുവാവിനെ അഗ്​നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരഞ്ഞത് അഞ്ചു മണിക്കൂർ. ഒടുവിൽ അർധരാത്രി ജീവനോടെ വീട്ടിൽ തിരിച്ചെത്തിയ യുവാവിനെ കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ വീട്ടുകാർ. പാമ്പാടി കമ്പനിപ്പടി സ്വദേശിയായ 22കാരനാണ് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ വീട്ടുകാരോട് പിണങ്ങി ബാഗിൽ വസ്​ത്രവുമായി വീട്ടിൽനിന്നിറങ്ങിയത്. ഭാരതപ്പുഴയുടെ പാമ്പാടി കമ്പനിപ്പടി കടവിലെത്തി ബാഗ് കരയിൽ വെച്ചശേഷം കൂട്ടുകാർ നോക്കിനിൽക്കേ കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടി. കുറച്ചു ദൂരം നീന്തുന്ന യുവാവിനെ കൂട്ടുകാർ കണ്ടിരുന്നു. പിന്നീട് പുഴയിൽ അപ്രത്യക്ഷമായി. ഉടൻ സുഹൃത്തുക്കൾ പൊലീസിനെയും അഗ്​നിശമന സേനയെയും വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്​നിശമന സേനയും ചേർന്ന്​ പുഴയുടെ ഇരുകരകളിലും തിരച്ചിൽ നടത്തി​. രാത്രിയായതോടെ തിരച്ചിൽ മതിയാക്കി. പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ ബുധനാഴ്ച സ്‌കൂബ ടീമിനെ എത്തിച്ച്​ തിരച്ചിൽ തുടരാനായിരുന്നു തീരുമാനം. അതിനിടെ, അർധരാത്രി ഒന്നോടെ യുവാവ്​ വീട്ടിൽ എത്തുകയായിരുന്നു. പുഴയിൽ ചാടിയ ശേഷം മുങ്ങിയും പൊങ്ങിയും ഒരു കിലോമീറ്ററിലധികം നീന്തി കയറംപാറ കടവിൽ കരക്കുകയറി പാറയിൽ കിടന്നുറങ്ങിയെന്നും പിന്നീട് രാത്രി വീട്ടിൽ തിരിച്ചെത്തുകയായിരുന്നുവെന്നുമാണ്​ യുവാവ്​ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.