ചാരുംമൂട്: ഗ്രാമീണ റോഡുകൾ തകർന്നതോടെ കാൽനടപോലും ദുഷ്കരമായി. റോഡുകൾ നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി. കെ.പി റോഡിൽനിന്ന് പന്തളം ഭാഗത്തേക്ക് പോകുന്ന ആശാൻകലുങ്ക്-മാവിളപ്പടി റോഡ്, മാമ്മൂട് ജങ്ഷനിൽനിന്ന് പയ്യനല്ലൂരിന് പോകുന്ന റോഡായ മാമ്മൂട്-മായയക്ഷിക്കാവ് റോഡും തകർന്ന് വലിയകുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല.
പാലമേൽ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡുകളിലൂടെ സ്വകാര്യ ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനേന കടന്നുപോകുന്നത്. ഏകദേശം മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും ഇതുവഴി പോകുന്നുണ്ട്. റോഡ് പുനർനിർമാണം നടന്നിട്ട് 10 വർഷത്തിന് മേലായി. പള്ളിക്കൽ, തെങ്ങമം, പയ്യനല്ലൂർ ഭാഗത്തുള്ളവർക്ക് നൂറനാട്, കായംകുളം, പന്തളം ഭാഗത്തേക്ക് യാത്ര ചെയ്യാൻ മാമ്മൂട്-മായയക്ഷിക്കാവ് റോഡാണ് ഏക ആശ്രയം.
റോഡിലെ കുഴികളിൽ നിറഞ്ഞുകിടക്കുന്ന മഴവെള്ളം ഇരുചക്രവാഹനയാത്രക്കാർക്ക് പേടിസ്വപ്നമാണ്. ദിനം പ്രതി ഒന്നിൽ കൂടുതൽ അപകടങ്ങളാണ് ഉണ്ടാകുന്നത്. കരിങ്ങാലിച്ചാൽ പുഞ്ചയുടെ പ്രവേശനകവാടത്തിലേക്കും പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിലേക്കും ജില്ലയുടെ തെക്കൻ മേഖലയിൽനിന്ന് എളുപ്പത്തിൽ എത്താൻ ആശ്രയിക്കുന്ന ഏകമാർഗമാണ് ആശാൻകലുങ്ക്-മാവിളപ്പടി റോഡ്. ഇതുവഴി നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും കടന്നുപോകുന്നത്. പന്തളം, തട്ട, പത്തനംതിട്ട, ഇലവുംതിട്ട, തുമ്പമൺ, കുളനട ഭാഗത്തേക്ക് എളുപ്പത്തിലെത്താൻ ഈ റോഡിനെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്.
പാലമേൽ പഞ്ചായത്തിലെ വിവിധ റോഡുകളും തകർച്ചയിലാണ്. കുടശ്ശനാട് സൗപർണിക ഓഡിറ്റോറിയം-മണക്കാട്ടുപടി റോഡും മുതുകാട്ടുകര ചെമ്പകശ്ശേരി-ഇടിഞ്ഞുകുഴി റോഡും കെ.പി. റോഡ്-കെ.ഐ.പി. കനാൽ റോഡും ശോച്യാവസ്ഥയിലാണ്.
പാലമേൽ കുടശ്ശനാട് സൗപർണിക ഓഡിറ്റോറിയം മുതൽ വടക്കോട്ട് മണക്കാട്ടുപടിവരെയുള്ള പഞ്ചായത്ത് റോഡിൽ അപകടങ്ങളും തുടർക്കഥയാണ്. വർഷങ്ങളായി റീടാറിങ് ചെയ്യാതെ കിടക്കുന്നതിനാൽ ദിവസവും ഇരുചക്രവാഹന യാത്രക്കാർ മറിഞ്ഞുവീണ് ആശുപത്രികളിൽ എത്തുന്നു. പാലമേൽ മുതുകാട്ടുകര വാർഡിൽപെട്ട ചെമ്പകശ്ശേരി-ഇടിഞ്ഞുകുഴി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും വർഷങ്ങളായി പരിഗണിച്ചിട്ടില്ല. പാറ ജങ്ഷൻ-ഇടപ്പോൺ റോഡിൽനിന്ന് ഇടിഞ്ഞുകുഴി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുകൂടി കെ.ഐ.പി ഉപകനാൽ കടന്നുപോകുന്നു. ഇരുചക്രവാഹനങ്ങളിൽപോലും ഇതുവഴി യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്.
റോഡിനോടു ചേർന്നുള്ള ഭാഗത്തെ കനാൽ കോൺക്രീറ്റ് ഭിത്തി ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. പഞ്ചായത്തിനും ജില്ല പഞ്ചായത്തിനും റോഡ് പുനർനിർമാണത്തിന് ഫണ്ടില്ലെന്നാണ് പറയുന്നത്. പാലമേൽ ഗ്രാമ പഞ്ചായത്ത് ഇടപെട്ട് റോഡിലെ കുഴിയടക്കാനുള്ള ജോലിയെങ്കിലും അടിയന്തരമായി ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.