ജിതിൻ ജി. നൈനാനെ അങ്ങാടിക്കലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെറുക്കുന്നു
പത്തനതിട്ട: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വ്യത്യസ്ത സമരമുറകളുമായി മുന്നോട്ടുപോകുമ്പോൾ നടപടി കടുപ്പിച്ച് പൊലീസും.
ശനിയാഴ്ച നടത്തിയ കപ്പൽ പ്രദക്ഷിണത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ജിതിൻ ജി. നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെ ഞായറാഴ്ച രാവിലെ പത്തനംതിട്ട പൊലീസ് വീടുകളിൽനിന്ന് അറസ്റ്റു ചെയ്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ശനിയാഴ്ച അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെയാണ് പൊലീസ് വാഹനത്തിന്റെ ചില്ല് തകർത്തതായും മറ്റുമുള്ള കുറ്റംചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്തവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴും സംഘർഷാവസ്ഥ ഉണ്ടായി. വൈദ്യ പരിശോധനക്ക് എത്തിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെയും കൊണ്ടുവന്ന പൊലീസ് വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. അറസ്റ്റിലായവരെ കൈവിലങ്ങ് അണിയിക്കാൻ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായി.
വൈദ്യ പരിശോധന കഴിഞ്ഞ് ഇറങ്ങാൻ നേരം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് വിജയ് ഇന്ദൂചൂഢന്റെ നേതൃത്വത്തിൽ പൊലീസ് വാനിന് മുന്നിൽ തറയിൽ കിടന്നാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. ജില്ലയിൽ പലയിടത്തും പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളുടെ പേരിൽ വ്യാപകമായി കേസെടുക്കുന്നുണ്ട്. മന്ത്രി വീണ ജോർജിനെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമായി തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.