പത്തനംതിട്ട: മഴക്കൊപ്പം കാട്ടാനകളും ചേർന്നതോടെ മലയോരമേഖലയിലെ കർഷകർ ദുരിതത്തിൽ. പഴുത്ത ചക്ക തിന്നാൻ ജനവാസമേഖലയിലേക്ക് എത്തുന്ന ആനകൾ കടുത്ത നാശമാണ് വിതക്കുന്നത്. കാട്ടാനയെപ്പേടിച്ച് പലരും വിളയുംമുമ്പ് തന്നെ വാഴക്കുലകളടക്കം വെട്ടിവില്‍ക്കുകയാണ്. കോന്നി കുളത്തുമൺ മേഖലയിൽ കാട്ടാനകൾ വൻതോതിലാണ് കൃഷികൾ നശിപ്പിച്ചത്. ശനിയാഴ്ചയും ഇവിടെ ആനകളിറങ്ങി കൃഷി നശിപ്പിച്ചു.
കുളത്തുമണ്ണ് ജങ്ഷനിലടക്കം കാട്ടാനകൾ എത്താറുണ്ട്. വനപാലകര്‍ രാത്രി പട്രോളിങ് തുടങ്ങിയെങ്കിലും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞദിവസം ഇവിടെ സെന്‍സറുള്ള അലാറം സ്ഥാപിച്ചിരുന്നു. അതിനിടെ, കിടങ്ങ് നിര്‍മാണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വനംവകുപ്പിനെ സമീപിച്ചിട്ടും ഒരു നടപടിയുമില്ല. ജില്ലയുടെ മലയോര മേഖലകളിലും നഗരത്തിലുമുൾപ്പെടെ വന്യജീവിശല്യം അനുദിനം രൂക്ഷമാവുകയാണ്.
പലരുടെയും വീട്ടുമുറ്റത്ത് വരെ ആന എത്തിനിൽക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് ജില്ലയിലെ മലയോര ജനത. മലയോര മേഖലയിൽ മാത്രമല്ല ഈ ദുരവസ്ഥ. ആന മാത്രമല്ല മറ്റ് വന്യമൃഗങ്ങളും ഭീഷണി ഉയർത്തുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള കർഷകർ കാട്ടുപന്നികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ കാട്ടുപന്നി കാരണമുള്ള വാഹന അപകടങ്ങളും പതിവായി. കോന്നി മെഡിക്കൽ കോളജ് പരിസരം കാട്ടുപോത്തുകളുടെ വിഹാരകേന്ദ്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.