പത്തനംതിട്ട: കേരള കെട്ടിട നിർമാണ ക്ഷേമനിധി ബോർഡിന്റെ പത്തനംതിട്ട ഓഫിസിൽ അനധികൃത നിയമനം. ജനുവരി 20ന് ജില്ല എംപ്ലോയ്മെന്റ് ഓഫിസിൽനിന്ന് നടത്തിയ പരിശോധനയിൽ ആറുവർഷമായി 16പേർ വിവിധ തസ്തികകളിലായി ദിവസ വേതനാടിസ്ഥാനത്തിൽ അനധികൃതമായി ജോലിചെയ്യുന്നതായി കണ്ടെത്തി.
ക്ലർക്ക് -9, ഡാറ്റാ എൻട്രി ഓപറേറ്റർ -4, ഓഫിസ് അറ്റൻഡന്റ് -2, പാർട്ട്ടൈം സ്വീപ്പർ -1 എന്നിങ്ങനെ 16പേരാണ് ദിവസവേതനാടിസ്ഥാനതിൽ 2016 മുതൽ ജോലിചെയ്യുന്നത്. ഭൂരിഭാഗം പേരും അടൂർ, പന്തളം പ്രദേശത്തുനിന്നുള്ളവരാണ്.
ലക്ഷങ്ങളാണ് മാസംതോറും ഇവർക്ക് ശമ്പളയിനത്തിൽ വേണ്ടത്. സി.പി.എം, സി.ഐ.ടി.യു നേതാക്കളുടെ ശിപാർശയിലാണ് ഇവർ ജോലിയിൽ പ്രവേശിച്ചതെന്നും നേതാക്കളുടെ ബന്ധുക്കളും ഇതിലുള്ളതായും പറയുന്നു.
ക്ലർക്കിന് 765 രൂപയാണ് ദിവസവേതനം. ഇവരിൽ പലരും കൃത്യമായി ഓഫിസിൽ വരാറില്ല. ഇപ്പോൾ പഞ്ചിങ് ആയതോടെ ഓഫിസിലെത്തിയശേഷം പലരും മുങ്ങുകയാണ്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവർപോലും ഇക്കൂട്ടത്തിലുണ്ട്. തൂപ്പുകാരിയും ഹെൽപറും വരെ വളരെ വേഗം എൽ.ഡി.സിയായി മാറിയിട്ടുണ്ട്. ഇത്രയും പേർക്ക് പ്രത്യേകിച്ച് ഇവിടെ ജോലിയൊന്നും ഇല്ലെന്നും പറയുന്നു. ഓഫിസിൽ മൂന്ന് കമ്പ്യൂട്ടർ മാത്രമുള്ളപ്പോഴാണ് നാലുപേരെ ഡാറ്റാ എൻട്രിയിൽ നിയമിച്ചത്.
ക്ഷേമനിധിയിലുള്ള അംഗങ്ങൾക്ക് പെൻഷൻ ലഭിച്ചിട്ട് മാസങ്ങളായി. ക്ഷേമനിധി പെൻഷൻ പോലും നൽകാൻ പണമില്ലാതെ വിഷമിക്കുമ്പോഴാണ് അനധികൃത നിയമനം. ജില്ലയിൽ ഏകദേശം 30,000ത്തോളംപേർ ക്ഷേമനിധിയിലുണ്ട്.
തുച്ഛമായ പെൻഷൻ വാങ്ങി ജീവിക്കുന്നവരാണ് ഇതിൽ പലരും. അംഗങ്ങളുടെ ചികിത്സ, മരണാനന്തര ആനുകൂല്യം, വിവാഹ ആനുകൂല്യം, പ്രസവാനുകൂല്യം, സാന്ത്വന സഹായധനം, വിദ്യാർഥികളുടെ സ്കോളർഷിപ് ഇവയെല്ലാം മുടങ്ങിക്കിടക്കുകയാണ്. അന്വേഷിച്ച് വരുമ്പോൾ ഫണ്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അനധികൃത നിയമനം സംബന്ധിച്ച് നേരത്തെയും പരാതികൾ ഉയർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണ് ജില്ല എംപ്ലോയ്മെന്റ് ഓഫിസറുടെ നേതൃത്വത്തിൽ ജനുവരിയിൽ പരിശോധനക്ക് എത്തിയത്. ആറുപേർ മാത്രമാണ് സ്ഥിരം ജീവനക്കാരായുള്ളത്. ഇതിൽ ഡെപ്യുട്ടേഷനിൽ എത്തിയവരുമുണ്ട്. ദിവസ വേതനക്കാരെ പിരിച്ചുവിട്ട് ഒഴിവുകൾ മുഴുവൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫിസർ കർശന നിർദേശം നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പേര് രജിസ്റ്റർ ചെയ്ത് കാത്തുനിൽക്കുന്നത്. അനർഹർ പുറംവാതിലിൽകൂടി ഓഫിസുകളിൽ കയറിപ്പറ്റുകയാണ്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളികളാണ് ബോർഡിന്റെ കീഴിലുള്ളത്.പ്രതിമാസം 50രൂപയാണ് അംശാദായമായി തൊഴിലാളി അടക്കുന്നത്. 60 വയസ്സ് പൂർത്തിയാൽ പ്രതിമാസം 1600 രൂപ പെൻഷൻ ലഭിക്കും. തൊഴിലാളി സംഘടന നേതാക്കളുടെ ശിപാർശയിലാണ് ക്ഷേമനിധിയിൽ അംഗത്വം നൽകുന്നത്. ക്ഷേമനിധി ഓഫിസുകളുടെ മുഴുവൻ നിയന്ത്രണവും തൊഴിലാളി നേതാക്കൾക്കാണ്. സഹകരണ ബാങ്കുകളിലേതുപോലെ പാർട്ടിക്കാരെ കുത്തിനിറക്കാനുള്ള സ്ഥാപനങ്ങളായി ക്ഷേമനിധി ബോർഡുകളും മാറിക്കഴിഞ്ഞു. ജില്ലയിലെ മറ്റ് ഷേമനിധി ബോർഡ് ഓഫിസുകളും ഇതുപോലെ പാർട്ടിക്കാരെക്കൊണ്ട് നിറച്ചിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.