പത്തനംതിട്ട: ജില്ലയിൽ സർക്കാർ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഖര, ദ്രവ മാലിന്യ നിർമാർജന തൊഴിലാളി യൂനിയൻ പ്രക്ഷോഭത്തിലേക്ക്. കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ളവയുടെ നിർമാർജനം കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
ഫ്ലാറ്റുകളിലും ഗൃഹസമുച്ചയങ്ങളിലും താമസിക്കുന്നവർ തോട്ടം മേഖലകളിലും വനാതിർത്തികളിലുമുള്ള റോഡുകളുടെ വശങ്ങളിൽ മാലിന്യം ചാക്കിൽകെട്ടി ഉപേക്ഷിക്കുന്നത് പതിവാണ്.
പത്തനംതിട്ടക്ക് ഏറ്റവും അടുത്ത സർക്കാർ മാലിന്യ പ്ലാന്റ് ഇപ്പോഴുള്ളത് എറണാകുളത്താണ്. പിന്നെയുള്ളത് തിരുവനന്തപുരം വിളപ്പിൽശാലയിലും വയനാട്ടിൽ കൽപറ്റയിലുമാണ്. 100 കിലോമീറ്ററിലേറെ സഞ്ചരിച്ച് മാലിന്യം എത്തിക്കുക എന്നത് പ്രായോഗികമല്ല. ഓടിക്കൊണ്ടിരിക്കുന്ന, മാലിന്യം നിറച്ചിട്ടില്ലാത്ത ടാങ്കർ ലോറികൾ പോലും പൊലീസ് തടഞ്ഞുനിർത്തി വൻതുക പിഴ ഈടാക്കി വരുന്ന സംഭവങ്ങൾ ജില്ലയിൽ വ്യാപകമാണ്. പൊലീസ് സ്റ്റേഷനിലെ ടാങ്ക് നിറഞ്ഞാൽ ഇതേ വാഹന ഉടമകളെ പൊലീസ് വിളിപ്പിക്കുകയും ചെയ്യും. കക്കൂസ് മാലിന്യം കുഴിവെട്ടി മൂടുന്ന രീതി സ്ഥലദൗർലഭ്യം മൂലം ഓരോ കുടുംബത്തിനും ഇപ്പോൾ ചെയ്യാൻ ആവില്ല.
സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ മാലിന്യം എവിടെ കളയുമെന്ന ചോദ്യത്തിന് ജില്ല ഭരണകൂടത്തിന് ഉത്തരമില്ല. എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എറണാകുളം മറൈൻ ഡ്രൈവിൽ ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജി കേരള 23ന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രഖ്യാപിച്ചതാണ്. മാലിന്യം നീക്കംചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ജില്ലയിൽ വാഹന ഉടമകൾ അടക്കം നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്.
സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൂന്നുമാസം മുമ്പ് കലക്ടർക്ക് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് 26ന് തിങ്കളാഴ്ച പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ തൊഴിലാളികൾ ധർണ നടത്തുമെന്ന് ഖര, ദ്രവ മാലിന്യ നിർമാർജന തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് ജ്യോതിഷ്കുമാർ മലയാലപ്പുഴ, സെക്രട്ടറി നൂറനാട് സുനിൽകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.