പെരിങ്ങരയിലെ ലഘുഭക്ഷണ നിർമാണശാലയിൽ പെരിങ്ങര ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ചേർന്ന് പരിശോധന നടത്തുന്നു
വൃത്തിഹീനം: ലഘുഭക്ഷണ നിർമാണകേന്ദ്രം പൂട്ടിച്ചു
തിരുവല്ല: പെരിങ്ങരയിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചിരുന്ന ലഘുഭക്ഷണ നിർമാണ യൂണിറ്റ് അടച്ചുപൂട്ടി.
തിരുനെൽവേലി സ്വദേശി ശങ്കറിന്റെ ഉടമസ്ഥതയിൽ പെരിങ്ങര പത്താം വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന യൂനിറ്റാണ് പൂട്ടിയത്. പരിസരവാസികളുടെ പരാതിയെ തുടർന്നായിരുന്നു നടപടി. ചൊവ്വാഴ്ച രാവിലെയാണ് പരിശോധന നടന്നത്. തിരുവല്ല, ചങ്ങനാശ്ശേരി താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിലുള്ള ബേക്കറികളിലും ഹോട്ടലുകളിലുമായി ബൈക്കുകളിലും ഓട്ടോറിക്ഷകളിലും ആണ് ഇവിടെനിന്ന് പലഹാരങ്ങൾ വിതരണം ചെയ്യുന്നത്.
തുറസ്സും വൃത്തിഹീനവുമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവർത്തിച്ചിരുന്നത്. പഴകിയ എണ്ണയാണ് പലഹാരങ്ങൾ നിർമിക്കാൻ ഉപയോഗിച്ചിരുന്നത്. മൈദ അടക്കമുള്ള സാധനസാമഗ്രികൾ വൃത്തിഹീന അന്തരീക്ഷത്തിലാണ് സൂക്ഷിച്ചിരുന്നത്. അടുക്കളയുടെ പരിസരപ്രദേശങ്ങൾ മലിന ജലം നിറഞ്ഞ ദുർഗന്ധം വമിക്കുന്നത് ആണ്. ഇവിടെ ജോലി ചെയ്യുന്ന 17 ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഇല്ല. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ്, വാർഡ് മെമ്പർ എസ് സനൽ കുമാരി, ഹെൽത്ത് ഇൻസ്പെക്ടർ എ സതീഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജലക്ഷ്മി, വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. പിടിച്ചെടുത്ത ഭക്ഷണസാധനങ്ങളും പഴകിയ എണ്ണയും നശിപ്പിച്ചു. വീഴ്ചകൾ ചൂണ്ടിക്കാട്ടി ഉടമക്ക് നോട്ടീസ് നൽകിയതായും ഇവ പാലിക്കാത്ത പക്ഷം സ്ഥാപനം പൂർണമായും അടച്ചുപൂട്ടുന്ന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.