മുണ്ടൂരിൽ മോഷണം
കോന്നി: കോന്നിയിലും പരിസരത്തും മോഷ്ടാക്കൾ വിലസിയിട്ടും പിടികൂടാൻ പൊലീസിന് കഴിയുന്നില്ലെന്ന് ആക്ഷേപം. കുറച്ച് കാലത്തിനിടെ കോന്നിയിൽ വിവിധ സ്ഥലങ്ങളിലായി നിരവധി മോഷണങ്ങൾ നടന്നിരുന്നു.
കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ അടക്കം ഇത് സംബന്ധിച്ച് നിരവധി തവണ ചോദ്യങ്ങൾ ഉയർന്നപ്പോഴും അന്വേഷണം നടക്കുന്നെന്നാണ് പൊലീസ് അധികൃതരുടെ വിശദീകരണം. വട്ടക്കാവ് തെങ്ങുംമുറിയിൽ വീട്ടിൽ ജോസിന്റെ വീട്ടിലാണ് ആദ്യം മോഷണം നടന്നത്.
പുലർച്ചയായിരുന്നു മോഷണം. 10,000 രൂപയും രണ്ട് സ്വർണനാണയവും ജോസിന്റെ ഭാര്യയുടെ കഴുത്തിൽ നിന്ന് മാലയും മോഷ്ടാക്കൾ അപഹരിച്ചു. പിന്നീട് അടുത്ത ദിവസം രാത്രി ഒന്നരയോടെ വകയാർ പുത്തൻപുരക്കൽ പി.എം. മാത്യുവിന്റെ വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷണം നടന്നത്. മകളുടെ കഴുത്തിൽ കിടന്ന ഒന്നര പവൻ മാലയും അപഹരിച്ചു.
മാത്യുവിന്റെ വീട്ടിൽ മോഷണം നടത്തിയ ശേഷം തൊട്ടടുത്ത വീട്ടിലെ മേലേതിൽ പ്രസാദിന്റെ വീട്ടിലും കള്ളൻ എത്തിയെങ്കിലും വീട്ടുകാർ ശബ്ദം കേട്ട് ലൈറ്റ് തെളിച്ചതിനാൽ കള്ളൻ കടന്നു കളഞ്ഞു. പിന്നീട് അരുവാപ്പുലം അണപ്പടി പത്മഭവനിൽ പത്മിനിയമ്മയുടെ വീടിന്റെ അടുക്കളയുടെ കതക് ഇളക്കി അകത്ത് കടന്നെങ്കിലും ഒന്നും അപഹരിക്കാനായില്ല. വീട്ടിൽ പത്മിനിയമ്മയും സഹോദരിയുമാണ് ഉണ്ടായിരുന്നത്. കോന്നി പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ഇതിനുശേഷം കോന്നിയിൽ പെട്രോൾ പമ്പിൽനിന്ന് സ്കൂട്ടർ അപഹരിച്ച സംഭവവും ഉണ്ടായി. പ്രമാടം പഞ്ചായത്തിലെ വട്ടക്കുളഞ്ഞിയിൽ മോഷണം നടത്തിയ പ്രതികളെയും പിടികൂടാൻ കഴിഞ്ഞില്ല. കലഞ്ഞൂരിൽ ബസിൽ വീട്ടമ്മയുടെ മാല അപഹരിച്ചിരുന്നു. കോന്നിയിൽ മോഷണങ്ങൾ വർധിക്കുമ്പോഴും കള്ളന്മാരെ പിടികൂടാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.