കോന്നി: പ്രധാന ജല സ്രോതസ്സുകളായ കല്ലാറും അച്ചൻകോവിൽ നദിയും വറ്റിവരണ്ടത്തോടെ കോന്നിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. തേക്കുതോട് ശുദ്ധജല സംഭരണിയിൽ നിന്നുമാണ് തണ്ണിത്തോട് പഞ്ചായത്തിലേക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത്.
എന്നാൽ നദിയിലെ ജല നിരപ്പ് താഴ്ന്നതോടെ പമ്പിങ് അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പമ്പ് ഹൗസിന് സമീപത്തെ ചെളി അധികൃതർ നീക്കം ചെയ്തിരുന്നു. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, കരിമാൻതോട്, മണ്ണീറ, അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്, കോന്നി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ എന്നിവിടങ്ങളിൽ എല്ലാം വരൾച്ച രൂക്ഷമാണ്.
മുമ്പ് പല പഞ്ചായത്തുകളും വാഹനങ്ങളിൽ കുടി വെള്ളം എത്തിച്ചു കൊടുത്തിരുന്നെങ്കിലും ഇത്തവണ അതില്ല. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വലിയ തുക കൊടുത്ത് വെള്ളം ടാങ്കുകളിൽ വാങ്ങേണ്ട അവസ്ഥയാണ്. സാധാരണക്കാരായ ആളുകൾ ആയതിനാൽ തന്നെ ഒട്ടേറെ പണം കുടിവെള്ളത്തിന് മാത്രമായി നഷ്ടമാകുന്നുണ്ട്. മലയോര പ്രദേശങ്ങളിൽ ചെറിയ അരുവികളും കുളങ്ങളും ജല സ്രോതസ്സായി ജനങ്ങൾ ആശ്രയിച്ചിരുന്നെങ്കിലും വേനൽ കടുത്തതോടെ അവയും വറ്റി വരണ്ടു.
ജലക്ഷാമം രൂക്ഷമായതോടെ വാഴ അടക്കമുള്ള കാർഷിക വിളകളും നാശാവസ്ഥയിലാണ്. ലക്ഷങ്ങൾ ബാങ്ക് വായ്പ എടുത്ത കാർഷിക വിളകൾ ആണ് ഇങ്ങനെ നശിക്കുന്നത്. മുൻ വർഷങ്ങളിൽ ഇടക്ക് വേനൽ മഴ ലഭിച്ചിരുന്നെങ്കിലും ഇത്തവണ അതും ലഭിച്ചില്ല.
കുരമ്പാല ശങ്കരത്തിൽ പടി ജംഗ്ഷനിൽ കനാൽ ജലം എം.സി റോഡിലൂടെ ഒഴുകുന്നു
പന്തളം: വേനൽ കടുത്ത് കിണറുകളിലും കൃഷിയിടങ്ങളിലും ജലനിരപ്പ് താഴ്ന്നതോടെ ജനങ്ങൾ ആശ്രയിക്കുന്ന കനാൽ വെള്ളം വ്യാപകമായി പാഴാകുന്നു. വൃത്തിയാക്കാതെ വെള്ളം തുറന്നു വിട്ടതോടെ കനാൽ നിറഞ്ഞൊഴുകി സമീപത്തെ കടകളിലും പുരയിടങ്ങളിലും റോഡിലും വെള്ളക്കെട്ടും രൂക്ഷമായി. എന്നാൽ കനാൽ വെള്ളം പുറത്തേക്ക് ഒഴുകിയത് സമീപത്തെ വരണ്ടുണങ്ങിയ കൃഷിയിടങ്ങളിലെ വിളകൾക്ക് പുതുജീവനായി. വറ്റിയ കിണറുകളിലേക്ക് പുതിയ ഉറവകളിലൂടെ തെളിനീരൊഴുകി.
കുരമ്പാല ശങ്കരത്തിൽ ജങ്ഷനിൽ കഴിഞ്ഞ രാത്രി മുതലാണ് കനാൽ ജലം കവിഞ്ഞൊഴുകി റോഡിലേക്ക് ഒഴുകുന്നത്. എം. സി റോഡിലൂടെ സമീപത്തെ വീടുകളിലും കടകളിലും വെള്ളം കയറി, തമിഴ്നാട് സ്വദേശി സുരേഷിന്റെ ആക്രിക്കട ഭാഗികമായി വെള്ളത്തിൽ മുങ്ങി. സമീപത്തെ വഴിയോര കച്ചവടക്കാരും കനാൽ ജലം കാരണം പ്രതിസന്ധിയിലായി.
പ്രധാന കനാലുകളിലൂടെ ജലവിതരണം തുടങ്ങിയെങ്കിലും കർഷകർക്കും വീടുകൾക്കും പ്രയോജനം ലഭിക്കുന്നത് ഉപ കനാലുകളിൽ വെള്ളം എത്തുന്നതോടെയാണ്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്താതെയും മാലിന്യങ്ങൾ നീക്കാതെയും കനാലുകളുടെ അവസ്ഥ ശോചനീയമാണ്.
ഉപ കനാലുകൾ മിക്കയിടത്തും മണ്ണിടിഞ്ഞു നികന്നും കാടുമൂടിയും മാലിന്യം നിറഞ്ഞും കിടക്കുകയാണ്. പ്രധാന കനാലുകളുടെ അറ്റകുറ്റപ്പണികളും വൃത്തിയാക്കലും ഇറിഗേഷൻ വകുപ്പ് ഇതുവരെ നടത്തിയിട്ടില്ല. ആഴം കുറഞ്ഞ ഉപകനാലുകളെ അവഗണിക്കുകയാണ്. അതത് തദ്ദേശസ്ഥാപനങ്ങളാണ് ഉപ കനാലുകൾ ശുചീകരിക്കേണ്ടത് എന്ന നിലപാടിലാണ് മൈനർ ഇറിഗേഷൻ വകുപ്പ്. ഫണ്ടില്ലെന്ന കാരണത്താൽ തദ്ദേശ സ്ഥാപനങ്ങൾ കനാൽ ശുചീകരിക്കാറില്ല. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാൽ വൃത്തിയാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുമായിരുന്നു.
കനാൽ ശുചീകരണം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനാവില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചത് വിനയായി. മാലിന്യം നിറഞ്ഞതും കാടുമൂടിയതുമായ കനാൽ ഭാഗങ്ങളിൽ പകൽ കാട്ടുപന്നികൾ തമ്പടിച്ചിരിക്കുകയാണ്. സാധാരണ ജനുവരി അവസാനവും ഫെബ്രുവരി ആദ്യവുമാണ് കനാലുകൾ തുറക്കുന്നത്. അതിനു മുമ്പ് കാടും മണ്ണും നീക്കി വെള്ളത്തിന് സുഗമസഞ്ചാര പാത ഒരുക്കണം. അതാണ് ഇത്തവണ കാര്യമായി നടക്കാതെ പോയത്. ജില്ലയിലെ പകുതിയോളം തദ്ദേശ സ്ഥാപന പരിധിയിലെ ജനങ്ങൾ കനാൽ വെള്ളത്തെ ആശ്രയിക്കുന്നുണ്ട്.
ഫണ്ടില്ലാത്തതിനാൽ മെയിൻ കനാലുകളിലും ശുചീകരണവും നടന്നില്ല. ഉപ കനാലുകളിലെ കാടുനീക്കലും ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യലും തദ്ദേശ സ്ഥാപനങ്ങൾ ടെൻഡർ വിളിച്ചാണ് നടത്തേണ്ടത്.
ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ജൽജീവൻ പദ്ധതി ജില്ലയിൽ പകുതി പോലും പിന്നിട്ടില്ല. ഇതുവരെ നടന്നത് മുപ്പത്തി മൂന്ന് ശതമാനം പണി മാത്രമാണ്. ദീർഘകാല അടിസ്ഥാനത്തിൽ ഗ്രാമീണ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനാണ് ജൽജീവൻ പദ്ധതി ആവിഷ്കരിച്ചത്.
ജില്ലയിലെ മലയോര, ഗ്രാമീണ മേഖലകളിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതി പൂർത്തിയാക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമല്ല. പല കാരണങ്ങൾപറഞ്ഞ് പദ്ധതി നീട്ടിക്കൊണ്ടുപോവുകയാണ്. ചിലയിടങ്ങളിൽ പണി ഏറ്റെടുത്ത കരാറുകാർ ഉഴപ്പുകയാണെന്ന് അധികൃതർ പറയുന്നു. പൂർത്തിയായ മേഖലകളിൽ ജലവിതരണം തുടങ്ങിയിട്ടില്ല. അവിടങ്ങളിൽ പമ്പ് ഹൗസ് സ്ഥാപിക്കാനുണ്ട്. ഇതിന് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്.
സ്ഥലം ലഭ്യമല്ലാത്തതാണ് മറ്റൊരു പ്രശ്നം. വീട്ടുമുറ്റത്തുവരെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടും വെള്ളം എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കിണറുകളും ശുദ്ധീകരണ പ്ലാന്റുകളും സ്ഥാപിക്കാനുള്ള സ്ഥലം അനുവദിക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനുള്ള നടപടികൾ പലയിടത്തും തുടങ്ങിയിട്ടില്ല. പദ്ധതിക്ക് ശുദ്ധീകരണ പ്ലാന്റ് നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. സംഭരണികളുടെ നിർമാണവും നടക്കണം.
ജൽജീവൻ പദ്ധതിയിൽ ജില്ലയിൽ മൂന്നര ലക്ഷം അപേക്ഷകളാണുള്ളത്. നാലുവർഷം മുമ്പ് ആരംഭിച്ചതാണ് പദ്ധതി. ഇക്കഴിഞ്ഞ വർഷം പൂർത്തിയാക്കേണ്ടതായിരുന്നു. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് പത്തനംതിട്ട. വാട്ടർ അതോറിറ്റിക്കാണ് നിർവഹണ ചുമതല.
കാടും പുഴകളും ശുദ്ധ വായുവുമുള്ള ജില്ലയാണെങ്കിലും പകൽച്ചൂട് കൂടുതലാണ്. ജനുവരി അവസാന ആഴ്ച മുപ്പത്തിയഞ്ച് ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. വരുന്ന മൂന്നു മാസം താപനില ഇനിയും ഉയരും. കഴിഞ്ഞ വർഷം മുപ്പത്തിയെട്ട് ഡിഗ്രി വരെ താപനില ഉയർന്നിരുന്നു.
മഴക്കാലമാകുമ്പോൾ നീർച്ചാലുകളിലൂടെ വെള്ളം ഒഴുകി ജല സ്രോതസുകൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ വരൾച്ചയുടെ കാഠിന്യം കുറയ്ക്കാം. ഇതിന് ജനോപകാരപ്രദവും സമയബന്ധിതവുമായി കർമ പരിപാടികൾ ആവിഷ്കരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് പ്രധാന പങ്ക് വഹിക്കാനുള്ളത്.
നീർച്ചാലുകൾ നവീകരണമില്ലാതെ നശിക്കുന്നതാണ് ജില്ലയുടെ മറ്റൊരു ദുരവസ്ഥ. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നവീകരണം നടക്കുന്നുണ്ടെങ്കിലും വേഗത കൂട്ടേണ്ടതുണ്ട്.
ജില്ലയിൽ നീർച്ചാൽ നവീകരണം മൂന്നാം ഘട്ടത്തിലേക്കു കടന്നുവെന്നാണ് അധികൃതർ പറയുന്നത്. ഇനി ഞാൻ ഒഴുകട്ടെ എന്ന സന്ദേശവുമായാണ് ജനകീയ നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ നീർച്ചാലുകൾ നവീകരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. നീർച്ചാൽ നടത്തം, ജനകീയ കൺവെൻഷൻ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി ജലസേചന വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ കൺവീനറായ സാങ്കേതിക സമിതികൾ യോഗം ചേർന്ന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നീർച്ചാൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നീർച്ചാൽ നവീകരിച്ച് സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിക്കും.
നീരൊഴുക്ക് സുഗമമാക്കാനും കൂടുതൽ മേഖലകളിൽ കൃഷി സാധ്യമാക്കാനും മാലിന്യ നിക്ഷേപ സാഹചര്യങ്ങൾ ഇല്ലാതാക്കുക വഴി ജൈവ സമ്പത്ത് സംരക്ഷിക്കാനും നീർച്ചാൽ നവീകരണത്തിലൂടെ സാധിക്കും. ജില്ലയിൽ ഇതിനകം നൂറോളം നീർച്ചാലുകൾ നവീകരിക്കാൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.