പത്തനംതിട്ട: ജില്ലയിൽ തെരുവ് നായ്ക്കളെ പേടിക്കാതെ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കാൽനട യാത്രികർക്കും ഇരുചക്ര വാഹനക്കാർക്കുമാണ് നായകൾ കൂടുതൽ ഭയപ്പാട് ഉണ്ടാക്കുന്നത്. സൂക്ഷിച്ചില്ലെങ്കിൽ കടി ഉറപ്പാണ്. പല പ്രധാന സ്ഥലങ്ങളിലും പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ബാങ്കുകൾ, പഞ്ചായത്ത്, വില്ലേജ്, ബ്ലോക്ക് ഓഫീസുകൾ, മറ്റ് ഓഫീസുകൾ, ആശുപത്രികൾ, അംഗൻവാടികൾ, സ്കൂളുകൾ, വ്യാപാര വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പരിസരങ്ങളിലും ജനവാസ മേഖലകളിലും തെരുവ് നായ ശല്യം വർധിച്ചു.
അപരിചിതർ എത്തുമ്പോൾ നായകൾ പിന്നാലെ എത്തി ആക്രമിക്കുകയാണ്. കോയിപ്രം പഞ്ചായത്തിലെ പുല്ലാട് ജങ്ഷൻ, ശ്രീ വിവേകാനന്ദ ഹൈസ്കൂൾ പരിസരം, പുല്ലാട് വടക്കേ കവല, പുരയിടത്തിൻ കാവ് ഉൾപ്പെടെയുള്ള പല പ്രധാന സ്ഥലങ്ങളിലും റോഡിൽ കൂട്ടമായി നിൽക്കുന്ന തെരുവു നായകളുടെ ആക്രമണത്തിൽനിന്ന് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്.
ഇലന്തൂർ, നാരങ്ങാനം, മല്ലപ്പുഴശേരി തുടങ്ങിയ പഞ്ചായത്തുകളിലും സ്ഥിതി വത്യസ്തമല്ല. കാൽനട യാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും വിദ്യാർഥികൾക്കും ചെറിയ കുട്ടികൾക്കും പൊതുജനങ്ങൾക്കും ജീവന് ഭീഷണി ആകുന്ന വിധത്തിൽ പകലെന്നും രാത്രിയെന്നും വ്യത്യാസമില്ലാതെ വാഹനങ്ങൾക്ക് പുറകെ ഓടി കൂട്ടം കൂട്ടമായി തെരുവ് നായകൾ വിഹരിക്കുകയാണ്.
അധ്യയന വർഷം ആരംഭിക്കാനിരിക്കെ ചെറിയ കുട്ടികളെ എങ്ങനെ ഒറ്റക്ക് സ്കൂളുകളിലേക്ക് അയക്കും എന്ന ആശങ്കയിലാണ് രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.