പത്തനംതിട്ട: ജില്ലയിലെ ഡി.വൈ.എഫ്.ഐയില്‍ വിഭാഗീയത ശക്തമെന്ന് സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനം. ചർച്ചയിൽ സംസ്ഥാന നേതാക്കള്‍ക്കെതിരെ പ്രതിനിധികളും വിമർശനം ഉയർത്തി. മുന്‍ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനെതിരെ പ്രതിനിധികള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇളമണ്ണൂരില്‍ നടക്കുന്ന ജില്ല സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനമാണ് ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് വേദിയായത്. ഡി.വൈ.എഫ്.ഐ കേരള ഒഫീഷ്യല്‍ പേജില്‍ മുന്‍ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ പോസ്റ്റുകള്‍ മാത്രം വരുന്നതിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇത് വ്യക്തിപൂജയാണോ പി.ആര് വര്‍ക്കാണോയെന്ന് വ്യക്തമാക്കണമെന്നായിരുന്നു സമ്മേളന പ്രതിനിധികളുടെ ആവശ്യം. ജില്ലയില്‍ ഉടനീളം സംഘടനയില്‍ വിഭാഗീയത കൊടികുത്തി വാഴുന്നതായി സംസ്ഥാന നേതൃത്വം വിമര്‍ശിച്ചു. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ജില്ല നേതാക്കള്‍ക്കും പങ്കുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് പരാമര്ശിച്ചതോടെയാണ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പ്രതിനിധികളും മുന്നോട്ടുവന്നത്.
റീ സൈക്കിള്‍ കേരള ദുരിതാശ്വാസ ഫണ്ടില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നു. കൃത്യതയുള്ള കണക്ക് അവതരിപ്പിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു. അതിജീവിതക്കൊപ്പമെന്ന് പ്രഖ്യാപിച്ചതല്ലാതെ ഡി.വൈ.എഫ്.ഐ ഒരു പോസ്റ്റര്‍ പ്രചാരണം പോലും നടത്തിയിട്ടില്ല. ആഭ്യന്തര വകുപ്പില്‍ പോരായ്മകള്‍ തുടരുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കളെ പോലും പൊലീസ് തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. കെ-റെയില്‍ വിഷയങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്.
ജനങ്ങളിലേക്കിറങ്ങിച്ചെന്ന് ബോധവത്കരണം നടത്തണം. തിരുവല്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പരാതിപ്രളയം തന്നെയുണ്ടായി. ഇരവിപേരൂരില്‍ ഡി.വൈ.എഫ്.ഐ നേതാക്കള്‍ മണ്ണ് മാഫിയക്ക് എസ്കോര്‍ട്ട് പോകുന്നെന്ന ആരോപണവും ഉയര്‍ന്നു. മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ അരാജകത്വ പ്രവണതകള്‍ നിലനില്ക്കുന്നു. വിഭാഗീയതയാണ് സംഘടന ദൗര്‍ബല്യത്തിന് കാരണം.
തിരുവല്ലയില്‍ പ്രാദേശിക വിഭാഗീയത ഇപ്പോഴും നിലനില്ക്കുന്നു. പരുമല മേഖല സമ്മേളനത്തിലുണ്ടായ വിഭാഗീയത എല്ലാ മര്യാദകളും ലംഘിച്ചു.
അയിരൂര്‍ സൗത്ത്, പമ്പാവാലി, കൊല്ലമുള, വെച്ചൂച്ചിറ, കൊറ്റനാട്, ആനിക്കാട്, വെണ്ണിക്കുളം, തുവയൂര്‍, എഴകുളം തെക്ക്, ഏനാത്ത്, അങ്ങാടിക്കല്‍ കമ്മിറ്റികളില്‍ സംഘടന ദൗര്‍ബല്യം നിലനില്ക്കുന്നു. ജില്ല കമ്മിറ്റി അംഗങ്ങള്‍ കമ്മിറ്റികളില്‍ പങ്കെടുക്കുന്നതിലും സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിലും വീഴ്ച വരുത്തുന്നു. പൊലീസിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉണ്ടായി. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ആര്.എസ്.എസ് ശാഖകളായി മാറിയെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. തിരുവല്ല ലഹരി ഗുണ്ടാ മാഫിയകളുടെ കേന്ദ്രമായി മാറിയെന്നും നടപടി വേണമെന്നും സമ്മേളനത്തില്‍ ചര്‍ച്ച വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.