പത്തനംതിട്ട ജില്ലയിൽ സിൽവർ ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്
പത്തനംതിട്ട: കെ-റെയിൽ പദ്ധതിക്ക് ജില്ലയിൽ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തുന്നതിന് വിജ്ഞാപനമിറങ്ങി. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരം, സുതാര്യത, പുനരധിവാസം ഇവ ഉറപ്പാക്കുന്നതിന് അവകാശ നിയമമനുസരിച്ചാണ് നടപടികൾ. കളമശ്ശേരി രാജഗിരി എൻജിനീയറിങ് കോളജ് യൂനിറ്റാണ് പഠനം നടത്തുക. വിജ്ഞാപനം ഇറങ്ങിയതോടെ അതിരടയാള കല്ലിടീൽ ജോലി ജില്ലയിലും ആരംഭിച്ചു.
ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കാനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നത്.
പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്, പദ്ധതി ബാധിക്കുന്ന കുടുംബങ്ങളുടെ എണ്ണം, മാറ്റിപ്പാർപ്പിക്കേണ്ട കുടുംബങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ്, സർക്കാർ ഭൂമി എത്ര, സ്വകാര്യ ഭൂമി എത്ര, വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര, ഏറ്റെടുക്കുന്ന ഭൂമി കൃത്യമായും നിർദിഷ്ട പദ്ധതിക്ക് ആവശ്യമായതാണോ, പദ്ധതി എത്രത്തോളം സാമൂഹികാഘാതം ഉണ്ടാക്കും, അത് പരിഹരിക്കാനുള്ള ചെലവ് എത്ര എന്നിവയാണ് പഠന വിഷയങ്ങൾ.
സാമൂഹികാഘാത പഠനത്തിന്റെ കരട് പ്രസിദ്ധീകരിച്ച ശേഷം പൊതു ചർച്ച നടത്തും. ചർച്ചയിൽ പദ്ധതി ബാധിതർക്ക് പറയാൻ അവസരമുണ്ടാകും. അതിനുശേഷമാണ് റിപ്പോർട്ട് അന്തിമമാക്കുക. റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയ ശേഷം വിലയിരുത്തൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. ഇതെല്ലാം പരിഗണിച്ച ശേഷമേ സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കൂ.
സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ 22 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുക. ജില്ലക്ക് അടുത്ത സ്റ്റേഷന് ചെങ്ങന്നൂരിലായിരിക്കും. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 4.3 കിലോമീറ്റര്‍ അകലെ എം.സി റോഡിനു സമീപമാണ് നിർദിഷ്ട സ്റ്റേഷൻ. ഇവിടെനിന്ന് 22 മിനിറ്റില്‍ കൊല്ലത്തും 46 മിനിറ്റില്‍ തിരുവനന്തപുരത്തും 39 മിനിറ്റില്‍ എറണാകുളത്തും 49 മിനിറ്റില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും എത്താനാകും. കോഴിക്കോടിന് 1.54 മണിക്കൂറും കാസര്‍കോടിന് 3.08 മണിക്കൂറും മതിയാകും. കിലോമീറ്ററിന് 2.75 രൂപയാണ് നിരക്ക്.
ചെങ്ങന്നൂര്‍ സ്റ്റേഷനില്‍നിന്ന് പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇ-വാഹന കണക്ടിവിറ്റിയും ജില്ലയിലെ എല്ലാ സ്ഥലങ്ങളെയും ബന്ധപ്പെടുത്തി യാത്ര ക്രമീകരണവും ഉണ്ടാകും.
ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക യാത്രസൗകര്യം ഒരുക്കും. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് സംവിധാനമുണ്ടാകും. ആകെ 529.45 കിലോമീറ്ററാണ് പാതയുടെ ദൈര്‍ഘ്യം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് സില്‍വര്‍ ലൈന്‍ പാതയുടെ പ്രവര്‍ത്തന വേഗം.
ഹൈകോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ, നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ അതിക്രമിച്ചു കയറിയ കെ-റെയിൽ ഉദ്യോഗസ്ഥർക്കും പൊലീസിനുമെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് സംസ്ഥാന കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെട്ടു. അടച്ചിട്ട ഗേറ്റ് തല്ലിപ്പൊളിച്ചും മതിൽ ചാടിക്കടന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും ജനങ്ങളെ ഭയപ്പെടുത്തിയാണ് കല്ലിട്ടത്.
രാത്രിയിൽ അതിക്രമിച്ച് കയറുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത് കല്ലിടുന്ന സംഭവവും ഉണ്ടായി. പ്രതിഷേധിച്ചവരെ കായികമായി നേരിടുകയും കസ്റ്റഡിയിൽവെക്കുകയും ചെയ്തു. ജനങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും സമിതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.