സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പ്രഥമാധ്യാപകർ സമരത്തിലേക്ക്

പത്തനംതിട്ട: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രഥമാധ്യാപകർക്ക് ബാധ്യത ഏറിവരുമ്പോഴും സർക്കാർ ഭാഗത്തുനിന്നും നിസ്സംഗത തുടരുന്നതിനെതിരെ സമരം ശക്തമാക്കുമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ). ഇതിന്‍റെ ഭാഗമായി ശനിയാഴ്ച തിരുവല്ലയിലെ ഡി.ഡി.ഇ ഓഫിസ് പടിക്കൽ പ്രഥമാധ്യാപകർ ധർണ നടത്തും.

സംസ്ഥാന വ്യാപകമായി കെ.പി.പി.എച്ച്.എ ഏറ്റെടുത്തിട്ടുള്ള സമരപരിപാടികളുടെ ഭാഗമായാണ് ധർണ. വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ സമിതികളുടെ പിന്തുണയിലാണ് സമരം. ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നൽകിവരുന്ന തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാറിനും ജനപ്രതിനിധികൾക്കും നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് 2016ലെ സ്ലാബ് സമ്പ്രദായമാണ് ഇന്നും നിലനിൽക്കുന്നത്.

150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരുകുട്ടിക്ക് എട്ട് രൂപ, 151 മുതൽ 500 വരെ ഏഴ് രൂപ, 501 മുതൽ ആറ് രൂപ നിരക്കിലാണ് തുക അനുവദിക്കുന്നത്.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വാഹനച്ചെലവുകൾ ഇവയൊന്നും കണക്കിലെടുത്തിട്ടില്ല. പ്രഥമാധ്യാപകർ സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.

ഉച്ചഭക്ഷണ ഫണ്ട് കാലാനുസൃതമായി വർധിപ്പിക്കുക, പാലിനും മുട്ടയ്ക്കും പ്രത്യേക ഫണ്ട് അനുവദിക്കുക, പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലകളിൽനിന്ന് ഒഴിവാക്കുക, പ്രധാനാധ്യാപക നിയമനങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം നടത്താനാണ് ജില്ല കമ്മിറ്റിയുടെ തീരുമാനം.സംസ്ഥാന തലത്തിൽ തിരുവോണനാളിൽ പ്രഥമാധ്യാപകരുടെ ഉപവാസസമരത്തിന് ജില്ല കമ്മിറ്റി പിന്തുണ അറിയിച്ചു. ജില്ല പ്രസിഡന്‍റ് ബി. ഷിബുവിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബിജി ജോർജ്, പി.ജെ. സാറാമ്മ, ആർ.സംഗീത, സജി കുര്യൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - School lunch scheme: Headteachers strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.