പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മലമ്പുഴ ജല അതോറിറ്റി അസി. എൻജിനീയറെ ഉപരോധിക്കുന്നു
പുതുപ്പരിയാരം: ഗ്രാമപഞ്ചായത്തിലെ താഴെ മുരളി, ഹേമാംബിക നഗർ, പൂച്ചിറ, ഗാന്ധി നഗർ, കാവിൽപാട്, മുട്ടിക്കുളങ്ങര, വള്ളിക്കോട്, മറ്റു വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മലമ്പുഴ ശുദ്ധജലവിതരണം നിരന്തരമായി മുടങ്ങുന്നത് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മലമ്പുഴ ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയറെ ഉപരോധിച്ചു. പൈപ്പിൽ വെള്ളം വരാത്തത് സംബന്ധിച്ച ജനങ്ങളുടെ ചോദ്യങ്ങൾക്ക് പൈപ്പ് പൊട്ടിയത് കൊണ്ടാണ് വരാത്തത് എന്നാണ് ഉദ്യോഗസ്ഥന്മാരുടെ മറുപടി.
എന്നാൽ, കഴിഞ്ഞ കുറെ നാളുകളായി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വെള്ളം ലഭിക്കുന്നത്. വെള്ളം നേരിയ തോതിലാണ് വരുന്നത്. ഉദ്യോഗസ്ഥന്മാരോട് പ്രദേശവാസികൾ പരാതി പറഞ്ഞിട്ടും ഒരുവിധ പരിഹാരവും കാണാതെ വന്നതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പ്രശ്നം പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. പുതുപ്പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് മെംബറുമായ ബഷീർ പൂച്ചിറ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ എം.എൻ. സ്വാമിനാഥൻ, പി. കാജാ മൊയ്തീൻ, കെ.വി. അനിൽകുമാർ, പഞ്ചായത്ത് മെംബർ ഷാജു ജോൺ, യൂത്ത് കോൺഗ്രസ് പുതുപ്പരിയാരം മണ്ഡലം പ്രസിഡൻറ് രാകേഷ് രാജേന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി പി.സി. പ്രേമൻ, ഭാർഗവം പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.