ത​ക​ർ​ന്ന ചി​റ്റാ​ർ-​പു​തു​ക്ക​ട റോ​ഡ്

റോഡ് തകർന്നു; സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു

പത്തനംതിട്ട: തകർന്ന ചിറ്റാർ-പുതുക്കട റോഡിലൂടെയുള്ള യാത്ര ദുഷ്കരമായതോടെ സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു. സീതത്തോട്-ചിറ്റാർ-പുതുക്കട റോഡിലൂടെ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ 12 മുതൽ ഓട്ടം നിർത്തിവെക്കുമെന്ന് ഉടമകൾ അറിയിച്ചു.

15 സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവിസ് നടത്തുന്ന പ്രധാന റോഡാണിത്. ജില്ലയുടെ മലയോര മേഖലയിൽനിന്ന് പുറത്തേക്കും തിരികെയും വന്നുപോകാനുള്ള എളുപ്പപാത കൂടിയാണ് ചിറ്റാർ-പുതുക്കട റോഡ്. ശബരിമല സമാന്തര പാതയിൽ ഉൾപ്പെട്ട ചിറ്റാർ-പുതുക്കട റോഡിലൂടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണ് പോകുന്നത്. ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ ഭാഗത്തുള്ളവർക്കു ജില്ല ആസ്ഥാനത്തേക്കു പോകാനും പ്രധാനമായും ഉപയോഗിക്കുന്ന പാതയാണിത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലാണ് റോഡ്.

പുതുക്കട മുതൽ മണക്കയം വരെ പെരുനാട് പഞ്ചായത്തിന്റെ 10ാം വാർഡിലൂടെയാണു റോഡിന്റെ ഭൂരിഭാഗവും കടന്ന് പോകുന്നത്. കാൽനടപോലും നടത്താൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ. റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ സമരം നടത്തിയിട്ടും നടപടി ഉണ്ടായില്ല.

റോഡിന്‍റെ തകർച്ചകാരണം ബസുകളിൽ യാത്രക്കാർ കയറാതായതോടെ വരുമാനം ഗണ്യമായി കുറഞ്ഞു. ഒപ്പം ബസുകളുടെ അറ്റകുറ്റപ്പണിയുടെ ചെലവും കൂടി. ഇതാണ് സർവിസ് നിർത്തിവെക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

റോഡിന്റെ അറ്റകുറ്റപ്പണി ആറുകോടി രൂപ ചെലവഴിച്ച് പൂർത്തിയാക്കുമെന്ന് പ്രമോദ് നാരായൺ എം.എൽ.എയും കെ.യു. ജനീഷ് കുമാർ എം.എൽ.എയും വ്യക്തമാക്കിയിരുന്നു.

ഇതിനുശേഷം കോന്നി മണ്ഡലത്തിലുൾപ്പെടുന്ന ചിറ്റാർ മുതൽ മണക്കയം വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാനുള്ള പണികൾ കോന്നി എം.എൽ.എയുടെ നേതൃത്വത്തിൽ തുട ങ്ങിയെങ്കിലും മണക്കയം മുതൽ പുതുക്കട വരെയുള്ള റാന്നി മണ്ഡലത്തിലെ റോഡ് ഭാഗം നന്നാക്കാൻ നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതിനിടെ ബസുകളുടെ പണിമുടക്കിന് പിന്നാലെ നാട്ടുകാരും സമരത്തിന് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.

Tags:    
News Summary - Road collapses; private buses stop service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.