പന്തളം: വാടക കുടിശ്ശിക വരുത്തിയ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി പന്തളം നഗരസഭ. തിങ്കളാഴ്ച രാവിലെ 9.30ഓടെ പന്തളം നഗരസഭ സെക്രട്ടറി ഇ.ബി. അനിത, നഗരസഭ റവന്യൂ ഇൻസ്പെക്ടർ ടി. ആർ. വിജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയാണ് വാടക കുടിശ്ശിക വരുത്തിയ കടകൾ പൂട്ടിയത്. പന്തളം നഗരസഭയുടെ അധീനതയിലുള്ള 23 കെട്ടിടങ്ങൾക്കെതിരെയാണ് നടപടികൾ സ്വീകരിച്ചത്.
ഇവർ അഞ്ച് മുതൽ 10 ലക്ഷം വരെ വാടക കുടിശ്ശിക വരുത്തിയിട്ടുണ്ട്. നഗരസഭയുമായുള്ള കരാർ പുതുക്കാത്തവരും അടച്ചുപൂട്ടിയ വ്യാപാര സ്ഥാപനങ്ങളിലുണ്ട്. രാവിലെ ആരംഭിച്ച നടപടികൾ വ്യാപാരികളുടെ എതിർപ്പിനെ തുടർന്ന് അഞ്ച് കടകൾ പൂട്ടിയശേഷം നഗരസഭ നടപടികൾ നിർത്തിവെച്ചിരുന്നു. പിന്നീട് വ്യാപാരി പ്രതിനിധിയുമായി ചർച്ച നടത്തി ഉച്ചക്കുശേഷം മറ്റു കടകളും നഗരസഭ അധികൃതർ പൂട്ടുകയായിരുന്നു.
രാവിലെ തുറന്നു പ്രവർത്തിച്ച പലകടകളും ഉച്ചക്കുശേഷം അധികൃതർ പൂട്ടി. പന്തളം പബ്ലിക് മാർക്കറ്റിൽ തുറന്നു വെച്ചിരുന്ന രണ്ടു കടകളും അധികൃതർ അടപ്പിച്ചു. വ്യാപാരികൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും പൊലീസ് സഹായത്തോടെയായിരുന്നു വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചത്. പന്തളം എസ്.ഐമാരായ അനീഷ് എബ്രഹാം, മനോജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. നഗരസഭയിലെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും പ്രൈവറ്റ് ബസ്സ്റ്റാൻഡിനകത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളും പന്തളം പബ്ലിക് മാർക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളുമാണ് അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.