റാന്നി: സെന്റ് തോമസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനവും പൂർവ വിദ്യാർഥി സംഗമവും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ വിദ്യാഭ്യാസ പുരോഗതിയെ നമ്മുടെ സമൂഹം കൂടുതൽ വിലയിരുത്തുകയും അതിൽ നിന്നും ഉരുത്തിരിയുന്ന വിശാലമായ ചിന്തകൾ ഈ വർത്തമാനകാലഘട്ടത്തിലും നാടിന്റെ തനിമയെ ഉയർത്തിപ്പിടിക്കാൻ സാധിക്കേണ്ടതുണ്ടെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരുവനിൽ അന്തർലീനമായ സർഗശക്തിയുടെ കണ്ടെത്തലും ബഹുസ്ഫുരണവുമാണ് വിദ്യാഭ്യാസം. അതിന് കലാലയങ്ങൾക്ക് സാധിക്കണം. മലയോര മേഖലയായ റാന്നിയുടെ സമഗ്ര വികസനത്തിന് കോളജ് നൽകിയ സംഭാവനകളെ ശ്രീധരൻ പിള്ള പ്രകീർത്തിച്ചു.
കോളജ് മാനേജർ പ്രഫ. റോയി മേലേൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ, അലുമ്നി അസോസിയേഷൻ പ്രസിഡന്റ് രാജു ഏബ്രഹാം എക്സ് എം.എൽ.എ, കോളജ് പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, റാന്നി വലിയപള്ളി വികാരി റവ. ഫാ. എം.സി. സക്കറിയ, കോളജ് മാനേജർ ഷെവലിയാർ പ്രഫ. പ്രസാദ് ജോസഫ് കെ, അലുമ്നി അസോസിയേഷൻ സെക്രട്ടറി ഡോ. എം.കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
കോളജ് വിദ്യാർഥികളും പൂർവ വിദ്യാർഥികളും താജ് പത്തനംതിട്ടയും ചേർന്നൊരുക്കിയ കലാവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.