പത്തനംതിട്ട: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റും പ്രസിദ്ധീകരിച്ചതോടെ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ അവശേഷിക്കുന്നത് ജില്ലയിൽ. പത്തനംതിട്ടയിൽ 890 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കണ്ണൂരാണ് രണ്ടാമത്. ഇവിടെ 657 സീറ്റാണ് മിച്ചമുള്ളത്. കോഴിക്കോടാണ് എറ്റവും കുറവ് സീറ്റുകൾ അവശേഷിക്കുന്നത്, 20 എണ്ണം.
ഏകജാലക പ്രവേശനംവഴിയുള്ള മൂന്നാം അലോട്ട്മെന്റും അവസാനിച്ചതോടെ ജില്ലയിൽ ആകെയുള്ള 9911 മെറിറ്റ് സീറ്റുകളിൽ 9,021 സീറ്റുകളിലേക്കും അലോട്ട്മെന്റായി. അവശേഷിക്കുന്ന സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റിലൂടെ നികത്തും. ജില്ലയിൽ സ്പോർട്സ് ക്വോട്ടയിൽ 232 സീറ്റും ഒഴിഞ്ഞുകിടക്കുകയാണ്. 321 സീറ്റുകളിൽ 89 എണ്ണത്തിലേക്ക് മാത്രമാണ് അലോട്ട്മെന്റ് നടന്നത്. എസ്.സി വിഭാഗത്തിൽ 44ഉം എസ്.ടിയിൽ മൂന്ന് സീറ്റും നികത്താനുണ്ട്.
ഒ.ഇ.സി- 14, ഈഴവ- 19, മുസ്ലിം- 10, ക്രിസ്ത്യൻ ഒ.ബി.സി- രണ്ട്, ഹിന്ദു ഒ.ബി.സി- ഏഴ്, വിശ്വകർമ- അഞ്ച്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം- അഞ്ച് എന്നിങ്ങനെയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഈ ഒഴിവുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയാകും സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തുക. ബുധനാഴ്ച മുതലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിനുപിന്നാലെ സപ്ലിമെന്ററിഘട്ട പ്രവേശനടപടികൾ ആരംഭിക്കും. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.
മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയത് മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ നിലവിലുള്ള അപേക്ഷകൾ പുതുക്കി സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. ജില്ലയിൽ 13,223 വിദ്യാർഥികളാണ് ആകെ അപേക്ഷകർ.
ഇതിൽ 3,116 പേർ മറ്റ് ജില്ലയിൽനിന്നുള്ളവരാണ്. ജില്ലയിൽ മെറിറ്റ്, നോൺ മെറിറ്റ് എന്നിങ്ങനെയായി ആകെ 14,072 സീറ്റാണുള്ളത്. ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിച്ചെങ്കിലും എയ്ഡഡ് കമ്യൂണിറ്റി, മാനേജ്മെന്റ് സീറ്റുകളിലും അൺ എയ്ഡഡ് സ്കൂളുകളിലും ഈമാസം 27വരെ പ്രവേശനത്തിന് സമയയുണ്ട്. ഇവിടത്തെ പ്രവേശന നടപടികൾ കൂടി പൂർത്തിയാകുന്നതോടെ മുഴുവൻ അപേക്ഷകർക്കും സീറ്റ് ലഭ്യമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. അതേസമയം, ഇഷ്ട സ്കൂളും വിഷയവും ലഭിച്ചില്ലെന്ന പരാതികളും ഉയരുന്നുണ്ട്.
പത്തനംതിട്ട: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്ലസ് വണ്‍ പ്രവേശന നടപടികൾ തടസ്സമില്ലാതെ നടന്നു. ഏകജാലകം വഴി അലോട്ട്മെന്റ് ലഭിച്ചവർക്ക് തിങ്കളാഴ്ച രാവിലെ പത്ത് മുതൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് വരെയാണ് സ്കൂളുകളിൽ പ്രവേശനം നേടാൻ അവസരമുള്ളത്.
അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടണമെന്നാണ് നിർദേശം. അതിനാൽ തിങ്കളാഴ്ച നൂറുകണക്കിന് വിദ്യാർഥികളാണ് അഡ്മിഷനെടുത്തത്. മഴ കാരണം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരുന്നെങ്കിലും പ്ലസ് വൺ ഉൾപ്പെടെയുള്ള അഡ്മിഷൻ കാര്യങ്ങൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ജില്ല ഭരണകൂടവും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.