വടശ്ശേരിക്കര: മണ്ഡലകാലം തുടങ്ങി തീർഥാടകപ്രവാഹം ആരംഭിച്ചിട്ടും ശബരിമല ബേസ് സെന്ററായ നിലക്കലിൽ മുന്നൊരുക്കം പാളിയതിനാൽ തീർഥാടകർ വലയും. ലക്ഷക്കണക്കിന് തീർഥാടകരും വാഹനങ്ങളും എത്തുന്ന നിലക്കലിൽ കുടിവെള്ളം മുതൽ പാർക്കിങ് സൗകര്യം വരെ പൂർണതോതിൽ ലഭ്യമാകാൻ ഇനിയും ദിവസങ്ങൾ കഴിയുമെന്നാണ് കരുതേണ്ടത്.
തീർഥാടകർക്കുള്ള സൗകര്യം ഒരുക്കുന്നതിൽ അശാസ്ത്രീയതയും അലംഭാവവും കോവിഡ് കാലത്തിനുശേഷമുള്ള വൻഭക്തജന തിരക്ക് പ്രതീക്ഷിക്കുന്ന മണ്ഡലകാലത്തെ കാര്യമായി ബാധിക്കും. ജലലഭ്യത ഉറപ്പാക്കുന്നതിൽപോലും ആവശ്യാർഥമുള്ള നടപടി സ്വീകരിക്കാനായിട്ടില്ല. ഇപ്പോൾ പമ്പയിൽനിന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ചാണ് നിലക്കലിൽ തീർഥാടകർക്ക് വിതരണം ചെയ്യുന്നത്. മണ്ഡലകാലത്തിന്റെ തുടക്കത്തിൽത്തന്നെ തിരക്ക് വർധിച്ചാൽ വെള്ളത്തിനായി തീർഥാടകർ നെട്ടോട്ടമോടേണ്ടിവരും.
നിലക്കലിൽ വെള്ളമെത്തിക്കുന്നതിനായി 100 കോടി ചെലവിൽ സീതത്തോട്ടിലെ കക്കാട്ടാറ്റിൽനിന്ന് വെള്ളം പമ്പുചെയ്തെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നെങ്കിലും കരാറുകാരൻ കരിമ്പട്ടികയിൽ പെട്ടതിനെത്തുടർന്ന് പദ്ധതി മുടങ്ങി. നിലക്കലിൽ വെള്ളമില്ലാത്തതിനാൽ ആവശ്യത്തിന് ശുചിമുറി പോലും തുറന്നുകൊടുക്കാൻ കഴിഞ്ഞിട്ടില്ല.
ആയിരക്കണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്തുകൊണ്ടിരുന്ന ഗ്രൗണ്ട് കിഫ്ബി പദ്ധതിയിൽ കെട്ടിടം പണിയുന്നതിനായി മറച്ചുകെട്ടിയിരിക്കുന്നതിനാലും ഇവിടെനിന്നെടുത്ത മണ്ണ് ഗതാഗതം തടസ്സപ്പെടുംവിധം പല സ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്നതിനാലും ഇത്തവണ വാഹനപാർക്കിങ് വലിയ പ്രതിസന്ധിയാകും.
തീർഥാടനം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിലായി നിലക്കലിൽ തിരക്കിട്ട് നടത്തിയ റോഡ് ടാറിങ്ങാണ് ഏറെ വിചിത്രം. ബേസ് ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ വരികയും പോവുകയും പാർക്കിങ് ഏരിയകളിലേക്ക് തിരിയുകയുമൊക്കെ ചെയ്യുന്ന കവലയിൽ പഴയൊരു വൈദ്യുതി തൂൺ നിൽക്കുന്നതിനാൽ ആ ഭാഗം ഒഴിവാക്കി ടാർ ചെയ്തു. തൊട്ടടുത്ത ദിവസം തന്നെ ഇവിടെ വൈദ്യുതി തൂൺ വാഹനമിടിച്ച് മറിച്ചിട്ടു.
അടുത്തദിവസം മണ്ണുമാന്തി ഉപയോഗിച്ച് തൂൺ അവിടെനിന്ന് മാറ്റിയെങ്കിലും ടാറിങ് ചെയ്യാതിരുന്ന ഭാഗം അങ്ങനെതന്നെ തുടരുകയാണ്. ടാറിങ് ജോലി എല്ലാ കൊല്ലത്തെയുംപോലെ അവസാന നിമിഷം ചെയ്യുന്നതിനാൽ നിലവാരത്തിന്റെ കാര്യത്തിലും ആരും ശ്രദ്ധപതിപ്പിച്ചില്ലെന്ന് സമീപവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.