ജില്ല സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ എസ്.വി ജി.വി.എച്ച്.എസ്. എസ് കിടങ്ങന്നൂർ
കോഴഞ്ചേരി: ജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ 20ാം തവണയും കിടങ്ങന്നൂർ എസ്.വി.ജി.വി എച്ച്.എസ്.എസ് ഓവറോൾ ചാമ്പ്യന്മാരായി. 496 പോയന്റുമായാണ് കിരീടം കരസ്ഥമാക്കിയത്. എതിരാളികൾ തൊട്ടടുത്തുപോലുമില്ലെന്നത് സ്കൂൾ തുടരുന്ന കലാമികവിന്റെ സവിശേഷതയാകുന്നു. വെണ്ണിക്കുളം സെന്റ് ബഹനാൻസ് രണ്ടാമതും പത്തനംതിട്ട കാതോലിക്കേറ്റ് മൂന്നാംസ്ഥാനവും നേടി.
ഉപജില്ലയിൽ 875 പോയന്റുമായി പത്തനംതിട്ടയാണ് ഒന്നാമത്. കഴിഞ്ഞവർഷത്തെ തനിയാവർത്തനമായി ഉപജില്ലകളുടെ സ്ഥാനം. തിരുവല്ല രണ്ടാമതും കോന്നി മൂന്നാമതുമെത്തി. അടൂർ, പന്തളം എന്നിവരാണ് തുടർ സ്ഥാനങ്ങളിൽ.
യു.പി വിഭാഗത്തിൽ പന്തളം എൻ.എസ്.എസ് ഇ.എം.യു.പി.എസ് ഒന്നാമതെത്തി. ഹൈസ്കൂളിലും ഹയർസെക്കൻഡറിയിലും കിടങ്ങന്നൂർ എസ്.വി.ജി.വിക്കാണ് ഒന്നാംസ്ഥാനം. സംസ്കൃതോത്സവത്തിൽ വള്ളംകുളം നാഷനൽ എച്ച്.എസ് ചാമ്പ്യന്മാരായി. അറബിക് കലോത്സവത്തിൽ യു.പിയിൽ പത്തനംതിട്ട സെന്റ് മേരീസും ഹൈസ്കൂളിൽ ഐരവൺ പി.എസ് വി.പി.എമ്മും ചാമ്പ്യന്മാരായി.
പല മത്സരങ്ങളും വൈകിയാണ് അവസാനിച്ചത്. സമാപനവും വൈകി. പലയിടത്തും തർക്കങ്ങളും പതിവുകാഴ്ചയായി. നാലുദിവസമായി 70ഓളം അപ്പീലും എത്തി. 160ഓളം മത്സരങ്ങളിലായി 6000ത്തോളം വിദ്യാർഥികളാണ് കലാമേളയിൽ മാറ്റുരച്ചത്.
കോഴഞ്ചേരി: എട്ടാം തവണയും അറബിക് ഓവറോൾ കിരീടവുമായി പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂൾ. അറബിക് അധ്യാപിക കെ.എസ്. സബീനയുടെ പരിശീലനത്തിലാണ് കുട്ടികൾ ഇക്കുറിയും മികവാർന്ന വിജയം കരസ്ഥമാക്കിയത്.
പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്കൂളിലെ അറബിക് അധ്യാപിക സബീന. കെ.എസ് ട്രോഫി ഏറ്റുവാങ്ങുന്നു
സ്കൂൾ മാനേജർ അജിത്ത് ജോർജ് മാത്യു, അധ്യാപകരായ സജു ഫിലിപ്പ്, ബിനു കെ. സാം, എലിസബത്ത് കെ. സ്ലീബ, ബിൻസു റ്റി. ഫിലിപ്പോസ്, ജോസ് സി. ചെറിയാൻ, റിൻസി തങ്കച്ചൻ, സിബി ജോൺ, വത്സ ജോർജ് എന്നിവരുടെ പ്രോത്സാഹനവും തുടർച്ചയായി നേട്ടം കൈപ്പിടിയിലാക്കാൻ സഹായിച്ചു. റെഡ് ക്രോസ്, ശാസ്ത്ര പ്രവൃത്തി പരിചയമേള, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിലും സ്കൂൾ മുൻപന്തിയിലുണ്ട്.
(റിപ്പോർട്ട്) പി.ടി. തോമസ്, എ. ഷാനവാസ് ഖാൻ, ചിത്രം: സന്തോഷ് നിലയ്ക്കൽ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.