പന്തളം കുറുന്തോട്ടയം
പാലത്തിനരികിലെ
മാലിന്യക്കൂമ്പാരം
പന്തളം: പന്തളത്തെ കാറ്റിനു പോലും മാലിന്യത്തിന്റെ ഗന്ധം. മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന കാര്യത്തിൽ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മുമ്പത്തേക്കാളേറെ മുമ്പിലാണ് പന്തളം നഗരസഭ. പക്ഷേ അവിടവിടായി എറിയുന്ന മാലിന്യങ്ങൾ കാണുമ്പോൾ, പെട്ടെന്നൊന്നും കാര്യങ്ങൾ അത്ര വെടിപ്പാകില്ലെന്ന് മനസ്സിലാകും. പത്തനംതിട്ട, തിരുവല്ല, പന്തളം, അടൂർ, നഗരസഭകളിലെല്ലാം വീട് കയറിയുള്ള മാലിന്യശേഖരണം നടക്കുന്നുണ്ടെങ്കിലും, പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നതിന് മാത്രം കുറവില്ല.
ഹരിതകർമസേനയെ നിയോഗിച്ചുള്ള ശേഖരണം, ഉറവിട മാലിന്യസംസ്കരണം എന്നിവയെല്ലാം പ്രോത്സാഹിപ്പിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണിതെല്ലാം സംഭവിക്കുന്നത്. ഈ സാഹചര്യം നിലനിൽക്കുന്നതിനാലാണ് മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി പുതിയ നിയമം സംസ്ഥാന സർക്കാർ കൊണ്ടുവരുന്നത്. കാമറ വെച്ചിട്ടും വലിച്ചെറിയലിനുമാത്രം ഒട്ടും കുറവില്ല. നഗരത്തിലെ ഇടറോഡുകളിലടക്കം വൻ മാലിന്യ ശേഖരമാണ്. പന്തളം കുറുന്തോട്ടയം പാലത്തിന് അരികിലായി മാലിന്യത്തിന്റെ കുത്തൊഴുക്കാണ്.
ആളൊഴിഞ്ഞ ഇടങ്ങളിലെ ജലാശയങ്ങളിൽ തള്ളുന്നതും കുറവല്ല. നഗരസഭയുടെ നേതൃത്വത്തിൽ വീടുകളിൽനിന്നും, കടകളിൽനിന്നുമെല്ലാം മാലിന്യശേഖരണത്തിനായി ഇപ്പോൾ പ്രത്യേകം ഏജൻസികളുണ്ട്.
ജൈവമാലിന്യം ബയോഗ്യാസ് പ്ലാന്റിലെത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവമാലിന്യം പൊടിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറുകയാണ് നിലവിൽ ചെയ്യുന്നത്.
കടക്കാട് മാവരത്തോട്ടിൽ ജലാശയങ്ങളിലും മറ്റും മാലിന്യംതള്ളൽ ഇപ്പോഴുമുണ്ട്. ചവറ് തള്ളുന്നതിനെതിരേയുളള നിയമം കടുപ്പിച്ചുള്ള സർക്കാറിന്റെ പുതിയ ഉത്തരവ് കാര്യക്ഷമമായി നടപ്പാക്കാനുള്ള നീക്കത്തിലാണ് നഗരസഭ .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.