തദ്ദേശ തെരഞ്ഞെടുപ്പ് രംഗം ചൂടായതോടെ സ്ഥാനാർഥികൾ പ്രചാരണം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിലും തിരക്കിലുമാണ്. വിവിധ തരം പോസ്റ്റർ തയാറാക്കുന്നതിനുള്ള ഫോട്ടോ എടുക്കലാണ് മിക്കയിടത്തും. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് ഹരി ഭാവന സ്ഥാനാർഥിയുടെ ചിത്രം
കാമറയിൽ പകർത്തുന്നു.
പന്തളം: സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായതോടെ ഫോട്ടോ എടുക്കുന്നതിനുള്ള തിരക്കിലാണ് പന്തളം നഗരസഭയിലെ സ്ഥാനാർഥികൾ. പന്തളത്തെ സ്റ്റുഡിയോകളിൽ രണ്ടു ദിവസമായി തിരക്കാണ്. വിവിധ തരം ഫോട്ടോകൾക്ക് പോസ് ചെയ്ത് സ്ഥാനാർഥികൾ സ്റ്റുഡിയോകൾ കയറിയിറങ്ങുകയാണ്.
34 ഡിവിഷനുകളിലായി 150 ലേറെ സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാർത്ഥികളെ പൂർണമായും പ്രഖ്യാപിച്ചു കഴിഞ്ഞു. എൽ.ഡി.എഫും ഏതാനും സീറ്റുകളിൽ ഒഴികെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സജീവമാണ്. ബി.ജെ.പി. ചില വാർഡുകളിലെ തർക്കങ്ങൾ പരിഹരിച്ച് ഉടൻ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേതൃത്വം അറിയിക്കുന്നത്. അഞ്ചോളം ഡിവിഷനിൽ എസ്.ഡി.പി.ഐക്കും സ്ഥാനാർഥികളായി.
കഴിഞ്ഞ രണ്ടു ദിവസമായി ആരും തന്നെ പത്രിക നൽകിയില്ല. തിങ്കളാഴ്ച ചിലർ പത്രിക സമർപ്പിക്കും. നഗരസഭയിൽ നാലു പ്രധാന ഡിവിഷനുകളിൽ ത്രികോണ മത്സരമാണ്. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ എ. നൗഷാദ് റാവുത്തറും സി.പി.എം. മുൻ ഏരിയ സെക്രട്ടറിയും കൗൺസിലറും ആയിരുന്ന ഇ. ഫസിൽ എന്നിവർ പോരടിക്കുന്ന പതിനൊന്നാം ഡിവിഷനിൽ ശക്തമായ ത്രികോണ മത്സരമാണ്. ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖയാണ് ഇവർക്ക് വെല്ലുവിളി ഉയർത്തുന്നത്.
ടൗൺ ഉൾപ്പെടുന്ന 26ാം ഡിവിഷനിൽ ആർ.എസ്.പി ദേശീയ സമിതി അംഗം കെ. എസ്. ശിവകുമാറും യു.ഡി.എഫിൽനിന്നു ബി.ജെ.പിയിലെത്തിയ കെ. ആർ. രവിയും സി .പി .ഐയിലെ ഡോ. അജിത് ആർ.പിള്ളയും ഏറ്റുമുട്ടുന്നു. 25ാം ഡിവിഷനിൽ നിലവിലെ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യയും നിലവിലെ കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷുമാണ് ഏറ്റുമുട്ടത്.
സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായ ഡിവിഷനുകളിൽ പ്രചരണ രംഗത്ത് സ്ഥാനാർഥികൾ ബഹുദൂരം മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളും ശബരിമലയിലെ സ്വർണക്കടത്തുമാണ് പ്രചാരണത്തിലെ സജീവ ചർച്ച. മുൻ ചെയർപേഴ്സൻ സുശീല സന്തോഷ് ഉൾപ്പെടെ പത്തോളം കൗൺസിലർമാർ ബി.ജെ.പി പാനലിൽ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.