representative image

മൂല്യനിര്‍ണയ പേപ്പറുകളുടെ എണ്ണംകൂട്ടി; പ്രതിഷേധവുമായി ഹയർക്കെൻഡറി അധ്യാപകർ

പത്തനംതിട്ട: എസ്. എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ മൂല്യനിര്‍ണയത്തില്‍, ഹയര്‍ സെക്കൻഡറിയുടെ പരീക്ഷ ചുമതലയുള്ള എക്‌സാമിനേഷന്‍ ജോയന്‍റ് ഡയറക്ടര്‍ മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ത മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത് ഹയര്‍ സെക്കൻഡറിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന ആരോപണവുമായി അധ്യാപകര്‍.

ഇത്തവണ പത്താംക്ലാസിലും പ്ലസ്ടുവിനും 80 മാര്‍ക്കിന്‍റെ വിഷയത്തിന് 35 ചോദ്യങ്ങളുണ്ട്. എന്നാല്‍, പത്താംക്ലാസിലെ 80 മാര്‍ക്കിന്‍റെ ഉത്തരക്കടലാസ് 24 എണ്ണമാണ് ഹൈസ്‌കൂള്‍ അധ്യാപകര്‍ ഒരുദിവസം മൂല്യനിര്‍ണയം നടത്തേണ്ടത്. അതേസമയം, ഹയര്‍ സെക്കൻഡറിയില്‍ അത് 34 എണ്ണമാക്കി ഈ വര്‍ഷം വര്‍ധിപ്പിച്ചു.

തന്നെയുമല്ല അധ്യാപകര്‍ തയാറാണെങ്കില്‍ 51 പേപ്പര്‍ വരെ നോക്കാമെന്നും ഉത്തരവുണ്ട്. ബയോളജി വിഷയങ്ങള്‍ക്ക് 75 വരെയാകാമെന്നും ജോയന്‍റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. പത്താം ക്ലാസിലും പ്ലസ്ടുവിനും ഒരേ എണ്ണം ചോദ്യവും മാര്‍ക്കുമായിട്ടും പ്ലസ്ടുവിന് മാത്രം നിശ്ചിതസമയത്തിൽ മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ത്തിയത് ഇരട്ടത്താപ്പാണെന്ന് അധ്യാപകര്‍ പരാതിപ്പെടുന്നു.

അധ്യാപക സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍നിന്ന് വിഭിന്നമായാണ് അശാസ്ത്രീയ പരിഷ്‌കാരം നടപ്പാക്കിയത്.

ഒരുപിടി ഉയര്‍ന്ന പഠനങ്ങളുടെ മേഖലകളുടെ അടിസ്ഥാനമായ പ്ലസ്ടു മാര്‍ക്കുകള്‍ ഏറ്റവും കൃത്യമായിരിക്കണമെന്ന് പറയുമ്പോള്‍ തന്നെയാണ് ഹയര്‍ സെക്കൻഡറി വിഭാഗം ഉത്തരക്കടലാസുകള്‍ നോക്കാനുള്ള സമയം കുറച്ചിരിക്കുന്നത്. ഇത് മൂല്യനിര്‍ണയത്തിന്‍റെ കൃത്യതയെയും സുതാര്യതയെയും ബാധിക്കുമെന്ന് വിദ്യാർഥികളും ആശങ്കപ്പെടുന്നു. മൂല്യനിര്‍ണയത്തില്‍ വെള്ളംചേര്‍ത്ത് മാര്‍ക്ക് ദാനത്തിലൂടെ വിദ്യാർഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും പരാതിയെ മറികടക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്ന് ഹയര്‍ സെക്കൻഡറി അധ്യാപക സംഘടനകള്‍ ആരോപിച്ചു.

ഉത്തരക്കടലാസുകളുടെ എണ്ണം കുറച്ചില്ലെങ്കിൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ശക്തമായ പ്രതിഷേധത്തിന് വേദിയാകാന്‍ സാധ്യതയുണ്ട്. ഇത് മൂല്യനിര്‍ണയം വൈകുന്നതിന് കാരണമാകുമെന്ന് വിദ്യാർഥികളും രക്ഷാകര്‍ത്താക്കളും ആശങ്കപ്പെടുന്നു. പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യതിയാനം വന്നാല്‍ അധ്യാപകരെ കര്‍ശന ശിക്ഷക്ക് വിധേയരാക്കുമെന്ന് പറയുന്ന മാന്വല്‍, അധ്യാപകരുടെ ജോലിഭാരം കൂട്ടി ശിക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്‍റ് ജിജി എം.സ്കറിയ, സെക്രട്ടറി പി.ചാന്ദിനി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - number of evaluation papers Increased; Higher secondary teachers in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.